അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു
മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലായിരുന്നു ചോദ്യംചെയ്യൽ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലായിരുന്നു ചോദ്യംചെയ്യൽ. ഇരയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അനിത പുല്ലയിൽ മൊഴി നൽകി. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ.
പുരാവസ്തു തട്ടിപ്പിന് പിന്നാലെയാണ് സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി മോന്‍സണെതിരെ ഉയര്‍ന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അനിത അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചോദ്യംചെയ്യല്‍.
അതിനിടെ അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. ലോക കേരള സഭ നടന്ന നിയമസഭാ സമുച്ചയത്തില്‍ രണ്ട് ദിവസവും അനിത ഉണ്ടായിരുന്നു. വിവാദ കേസിൽ അകപ്പെട്ടയാളെ സർക്കാർ ക്ഷണിച്ചുവെന്ന പ്രചാരണമായിരിക്കും പ്രതിപക്ഷം നടത്തുക. എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നല്‍കാനാണ് സർക്കാർ നീക്കം. സഭാ സമ്മേളനത്തിന്‍റെ അതിഥി പട്ടികയിൽ അനിതയുടെ പേരില്ലാത്തതും സർക്കാർ ഉയർത്തിക്കാട്ടും. ക്ഷണിക്കാത്തയാൾ രണ്ട് ദിവസം നിയമസഭ സമുച്ചയത്തിൽ എങ്ങനെ നിന്നു എന്ന മറു ചോദ്യമായിരിക്കും പ്രതിപക്ഷം ഉയര്‍ത്തുക. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ അനിത പുല്ലയിൽ ഇതുവരെ തയ്യാറായിട്ടില്ല.