കോവിഡ് രോഗിക്ക് തുണയായി സന്നദ്ധ പ്രവർത്തകർ; ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ
രോഗിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ബൈക്കിൽ കൊണ്ട് പോകാനുള്ള തീരുമാനമെടുത്തത്
Update: 2021-05-07 06:22 GMT
ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് സന്നദ്ധ പ്രവർത്തകർ. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ട്രീറ്റ്‌മെന്റിൽ ഭക്ഷണവുമായി എത്തിയവരാണ് രോഗിക്ക് തുണയായത്.
രോഗിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ബൈക്കിൽ കൊണ്ട് പോകാനുള്ള തീരുമാനമെടുത്തത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഓക്‌സിജൻ സൗകര്യമില്ല. പിപിഇ കിറ്റ് ധരിച്ച്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്നദ്ധപ്രവർത്തകർ രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ആംബുലന്‍സുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ ഉണ്ടായിരുന്നില്ല.