'പൊലീസിൽ ഒരു വിഭാഗം ആർഎസ്എസുമായി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്നു'; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനം
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് കരാറുകാരിൽനിന്ന് പണം വാങ്ങുന്നുണ്ടെന്ന് പ്രതിനിധികൾ ആരോപിച്ചു.
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പൊലീസ് നയത്തിന് വിമർശനം. സാധാരണക്കാർക്ക് പൊലീസിന്റെ സഹായം ലഭിക്കുന്നില്ല. പൊലീസിൽ ഒരു വിഭാഗം ആർഎസ്എസുമായി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുകയാണെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ പൊലീസ് നയത്തെ വിമർശിച്ചത്. അതേസമയം തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരുന്നതിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.
കുട്ടനാട് എംഎൽഎ ആയ തോമസ് കെ തോമസിനെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനമുയർന്നു. കുട്ടനാട് എംഎൽഎ തെക്കും വടക്കും അറിയാത്തവനാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. എംഎൽഎ കരാറുകാരിൽനിന്ന് പണം വാങ്ങുന്നുണ്ടെന്നും ആരോപണമുയർന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുത്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സിപിഐക്ക് എതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. എൻസിപി മാത്രമല്ല സിപിഐയും ആളില്ലാത്ത പാർട്ടിയാണെന്ന പ്രതിനിധികൾ പറഞ്ഞു. സിപിഎമ്മിന്റെ തണലിലാണ് സിപിഐ നിലനിൽക്കുന്നത്. കുട്ടനാട്ടിൽ സിപിഎമ്മുമായി അഭിപ്രായഭിന്നത ഉള്ളവരെ സിപിഐ അടർത്തിയെടുക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു.