പരീക്ഷ നടത്തിപ്പിൽ വിമർശനം; അധ്യാപകനെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയിൽ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെയാണ് അധ്യാപകൻ വിമർശിച്ചത്

Update: 2022-02-11 01:01 GMT
Advertising

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനം നടത്തിയ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അച്ചടക്ക നടപടി. വിദ്യാഭ്യാസ പ്രവർത്തകനും കണ്ണൂർ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂൾ അധ്യാപകനുമായ പി. പ്രേമചന്ദ്രനെതിരെയാണ് നടപടി. ഫോക്കസ് ഏരിയക്ക്‌ പുറത്തു നിന്നുള്ള ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ചെന്നാണ് കുറ്റം . രക്ഷിതാക്കളെയും വിദ്യാർഥികളെയും സർക്കാരിനെതിരെ തിരിച്ചു വിടാൻ അധ്യാപകൻ ശ്രമിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

സ്കൂൾ തുറക്കാൻ വൈകിയ പശ്ചാത്തലത്തിലായിരുന്നു എസ് എസ് എൽ സി പ്ലസ് ടു പാഠ ഭാഗങ്ങളിലെ അറുപതു ശതമാനം ഫോക്കസ് ഏരിയ ആയി നിശ്ചയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഈ പാഠഭാഗങ്ങൾ പോലും പഠിപ്പിച്ച് തീർക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് അധ്യാപകർ. ഇതിനിടെയാണ് 24 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയ്ക്ക് പുറത്തു നിന്നും ഉൾപ്പെടുത്തി മാതൃക ചോദ്യ പേപ്പർ പുറത്തിറങ്ങിയത്.

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പരീക്ഷയിൽ പിന്നിലാവാൻ ഇത് കാരണമാകുമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിലയിരുത്തൽ. ഈ ആശങ്ക സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചതിനാണ് പയ്യന്നൂർ ഗവ. ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകൻ പി പ്രേമചന്ദ്രനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റ ചട്ടം 60 എ പ്രകാരം നടപടി സ്വീകരിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ ഡയരക്ടർ കെ ജീവൻ ബാബു ആണ് പ്രത്യേക ദൂതൻ വഴി അധ്യാപകന് നോട്ടീസ് കൈമാറിയത്.

അധ്യാപകന്റെ പോസ്റ്റുകൾ വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുമെന്നും സർക്കാരിനെതിരെ തിരിയാൻ പ്രേരണ നൽകുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം.15 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകിയില്ലങ്കിൽ പിരിച്ചു വിടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. മുൻ പാഠ പുസ്തക കമ്മിറ്റി അംഗവും, അധ്യാപക പരിശീലകനും, ഇടത് അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനുമായ പ്രേമചന്ദ്രനെതിരായ സർക്കാർ നീക്കത്തിനെതിരെ അധ്യാപക സമൂഹത്തിൽ നിന്നും ഇതിനകം പ്രതിക്ഷേധം ശക്തമായിട്ടുണ്ട്. മാത്രവുമല്ല, അക്കാദമിക വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ ഒരു അധ്യാപകനെതിരെ നടപടി ഉണ്ടാകുന്നത് കേരളത്തിൽ ഇത് ആദ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News