ഇ.പിയുടെ പുസ്തക വിവാദം പാർട്ടിയെ ബാധിച്ചിട്ടില്ല; ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: എം.വി ഗോവിന്ദൻ
പുസ്തകവിവാദത്തിൽ ഇ.പിയുടെ വാക്കുകൾ പാർട്ടി വിശ്വാസത്തിലെടുക്കുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തക വിവാദം പാർട്ടിയെ ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജയരാജൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജൻ തന്നെ വ്യക്തമാക്കി. ഇ.പി നൽകിയ പരാതി പൊലീസ് അന്വേഷിക്കുകയാണ്. ഇ.പി പറഞ്ഞത് പാർട്ടി വിശ്വാസത്തിലെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തം നടന്ന് മൂന്ന് മാസമായി കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയടക്കം നേരിട്ട് വന്ന് കണ്ടതാണ്. ഇപ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങൾക്കും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മുമ്പ് ദുരന്തങ്ങളിൽ വിദേശ സഹായം ലഭിക്കാം എന്ന നിലവന്നപ്പോൾ നിഷേധത്മക നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രതിപക്ഷവും സംസ്ഥാനത്തിന്റെ താത്പര്യത്തിനൊപ്പമല്ല. ബിജെപി കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണ്. കൊടകര കേസിൽ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾ തയാറായില്ല. ഇതിനെതിരായി നിലപാടെടുക്കാനാണ് യുഡിഎഫും ശ്രമിക്കുന്നത്. തൃശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ യുഡിഎഫ് വോട്ടാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാട് ഇത് വ്യക്തമാക്കുന്നുണ്ട്. കള്ളപ്പണക്കേസിൽ കോൺഗ്രസും പിന്നിലല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
മുനമ്പത്ത് സഹോദര്യം തകർത്ത് നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. വിവാദങ്ങൾ നാടിന്റെ സമാധാനം തകർക്കും. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണം എന്നതാണ് പാർട്ടി നിലപാട്. പരിഹാരമുണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. പാലക്കാട് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. വയനാട് ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ മികച്ച പ്രകടനമാണ് നടത്തിയത്. ചേലക്കര വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.