ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ്; ക്യൂനെറ്റില്‍ വീണത് നൂറിലധികം മലയാളികള്‍

മണി ചെയിൻ സംവിധാനമല്ലെന്ന് ഉറപ്പ് നൽകിയായിരുന്നു വലിയ തുക പലരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചത്

Update: 2021-10-05 01:21 GMT
Editor : Nisri MK | By : Web Desk
Advertising

ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ പേരിൽ കോടികൾ തട്ടി തട്ടിപ്പുസംഘം. നൂറിലധികം മലയാളികളാണ് ക്യൂനെറ്റ് എന്ന പേരിലുള്ള കമ്പനിയുടെ തട്ടിപ്പിന് ഇരയായത്. പോലീസിൽ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലന്നും, തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാർ ആരോപിക്കുന്നു .

ബിസിനിസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാമെന്ന് ധരിപ്പിച്ചാണ് ക്യൂ നെറ്റ് കമ്പനി നിക്ഷേപകരുടെ പണം കവർന്നത്. മണി ചെയിൻ സംവിധാനമല്ലെന്ന് ഉറപ്പ് നൽകിയായിരുന്നു വലിയ തുക പലരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചത്.

മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം മൂന്നുകോടി വരെ സമ്പാദിക്കാമെന്നാണ് വാഗ്ദാനം. ചതിയിൽ വീണ പലരും നൽകിയത് ലക്ഷങ്ങളാണ്. ഭൂമി വിറ്റും കടം വാങ്ങിയും പണം നിക്ഷേപിച്ചവരാണ് ഏറെയും.

മലപ്പുറം ജില്ലയിൽ നിന്ന് മാത്രം സംഘം കോടികൾ തട്ടിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാനത്തുടനീളം തട്ടിപ്പ് സംഘത്തിന്‍റെ ഇരകളുണ്ട് , പോലീസിനെ പോലും വെല്ലുവിളിച്ചാണ് തട്ടിപ്പ് സംഘത്തിന്‍റെ പ്രവർത്തനം.

നിക്ഷേപകർക്ക് വാച്ചും, മറ്റു സാധനങ്ങളും അയച്ചു നൽകി ഭീമമായ ബിൽ കൂടി നൽകിയാണ് കബളിപ്പിക്കൽ . പണം തിരികെ ആവശ്യപ്പെട്ടവരോട് നിക്ഷേപത്തിന് ബദലായാണ് സാധനങ്ങൾ അയച്ചു നൽകിയതെന്നുമാണ് മറുപടി. പരാതിപ്പെട്ടാലും കാര്യമായ നടപടി ഉണ്ടാകുന്നില്ല.

കമ്പനി കോടികളുടെ ഹവാല ഇടപാടുകൾ നടത്തിയതായും നിക്ഷേപകർ ആരോപിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News