കുസാറ്റ് ദുരന്തം; പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവിനെ മാറ്റി
സിൻഡിക്കേറ്റിന്റെ അന്വേഷണസമിതിയിൽ നിന്ന് പി.കെ ബേബിയെയും മാറ്റിയിട്ടുണ്ട്
കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ദീപക് കുമാർ സാഹുവിനെ മാറ്റി. അന്വേഷണവിധേയമാണ് നടപടി. അപകടം അന്വേഷിക്കാനുള്ള സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതിയില്‍ നിന്ന് സ്റ്റുഡന്‍റ്സ് വെല്‍ഫെയർ ഡയറക്ടർ പി കെ ബേബിയെയും മാറ്റിയിട്ടുണ്ട്.
പരിപാടിയിൽ കൃത്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദീപക് കുമാർ സാഹു രജിസ്ട്രാർക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. കത്ത് രജിസ്ട്രാർ പൊലീസിന് നൽകിയോ എന്നതിലും വ്യക്തതയില്ല. ഈ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ കൂടിയാണ് സാഹുവിനെ മാറ്റിയിരിക്കുന്നത്.
ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത് ഗൂഢാലോചനയാണെന്നതാണ് പ്രധാനമായും ഉയരുന്ന ആരോപണം. നടപടിയിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് വിദ്യാർഥി സംഘടനകളുടെയുൾപ്പടെ പ്രധാന ചോദ്യം. പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ശരിയായ നടപടിയുണ്ടായി എന്ന് വ്യക്തമായിട്ടും അന്വേഷണം മുൻനിർത്തി ഇദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റിയത് എന്തടിസ്ഥാനത്തിലാണെന്നാണ് ഇവർ ചോദിക്കുന്നത്.
ബേബിക്കെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണസമിതിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. മൂന്നംഗ സമിതിയില്‍ ബേബിക്ക് പകരം മറ്റൊരു സിന്‍ഡിക്കേറ്റ് അംഗം ലാലിയെ ഉള്‍പ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബത്തിന് 25000 രൂപ വീതം നല്‍കാനും കുസാറ്റ് സിൻഡിക്കേറ്റിൽ തീരുമാനമായി. ആശുപത്രിയിലുള്ളവരുടെ ചികിത്സാച്ചെലവ് കുസാറ്റ് വഹിക്കുമെന്നും സിൻഡിക്കേറ്റ് യോഗത്തിന് ശേഷം വൈസ് ചാൻസലർ പി.ജി ശങ്കരൻ പറഞ്ഞു. കത്തുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ വി.സി തയ്യാറായില്ല.
കുസാറ്റിൽ സുരക്ഷാ ഓഡിറ്റ് നടത്തുന്നതിനും നോൺ അക്കാഡമിക്ക് പരിപാടികൾ നടത്തുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പരിശോധിക്കുന്നതിനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.