വിലക്കയറ്റം: നിഷ്ക്രിയത്വം അവസാനിപ്പിച്ച് സർക്കാർ അടിയന്തര ഇടപെടൽ നടത്തണം-വെൽഫെയർ പാർട്ടി

'നികുതി വർധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യമെന്നാണ് ഇടതു സർക്കാർ കരുതുന്നത്.'

Update: 2023-07-13 13:43 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: സംസ്ഥാനത്ത് പൊതുവി​പ​ണി​യി​ൽ അവശ്യസാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ  വി​ല​ക്ക​യ​റ്റമായിട്ടും ഒന്നും ചെയ്യാതെ സർക്കാർ നിഷ്ക്രിയ നിലപാട് സ്വീകരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി. രൂ​ക്ഷ​മാ​യ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.

നികുതി വർധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യമെന്നാണ് ഇടതു സർക്കാർ കരുതുന്നത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം, മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദുഃസഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന ഫലപ്രദമായ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല-സുരേന്ദ്രൻ കരിപ്പുഴ വിമര്‍ശിച്ചു.

സ​ബ്​​സി​ഡിയില്ലാത്ത അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ സ​പ്ലൈ​കോ ഔ​ട്ട്​​ലെറ്റുകളി​ൽ കടുത്ത ക്ഷാ​മമാണ് അനുഭവപ്പെടുന്നത്. ഒ​ന്ന​ര​യാ​ഴ്ച മു​മ്പു​ള്ള​തി​നെ​ക്കാ​ൾ വ​ർ​ധി​ച്ച വില​യാ​ണ്​ സ​പ്ലൈ​കോ​യിൽ ഇ​പ്പോ​ൾ സബ്സിഡി ഇതര സാധനങ്ങൾക്കുള്ളത്. സ​ബ്​​സി​ഡി നിര​ക്കി​ൽ വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ മി​ക്ക ഔ​ട്ട്ലെ​റ്റു​ക​ളി​ലും പ​രി​മി​ത​വുമാ​ണ്. ഈ​മാ​സം സ്​​റ്റോ​ക്ക്​​ എ​ത്തിയിട്ടുമില്ല. വി​ല​ക്കൂ​ടു​ത​ലെ​ന്ന ആ​ക്ഷേപം മ​റി​ക​ട​ക്കാ​ൻ കുറഞ്ഞ എണ്ണം സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല സ്ഥിരമായി നി​ർ​ത്തി​ മറ്റ് സാധനങ്ങളുടെ വി​ല​ വർധിപ്പിക്കുന്ന രീതിയാണ് സപ്ലൈക്കോ ന​ട​പ്പാക്കി​യി​രി​ക്കു​ന്ന​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനമെടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യസാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ്, സപ്ലൈകോ എന്നിവയുടെ താൽക്കാലിക മൊബൈൽ ഔട്ട്ലെറ്റുകൾ പഞ്ചായത്ത് തേറും ആരംഭിക്കണം. സർക്കാരിന്‍റെ ഉത്തരവാദിത്തരാഹിത്യത്തിനെതിരെ വെൽഫെയർ പാർട്ടി വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കരിപ്പുഴ അറിയിച്ചു.

Summary: Government should end its inaction on rising prices and take immediate action: Welfare Party

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News