'പ്രതിപക്ഷ നേതാവ് കോട്ടയത്ത് വരുന്നതും പോകുന്നതും അറിയിക്കുന്നില്ല';വി.ഡി സതീശനെതിരെ കോട്ടയം ഡി.സി.സി പ്രസിഡന്റ്
ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാനാണ് ഇന്നലെ യു.ഡി.എഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതെന്ന് സുരേഷ് പറഞ്ഞു
കോട്ടയം: പ്രതിപക്ഷ നേതാവ് കോട്ടയം ജില്ലയിൽ വരുന്നതും പോകുന്നതും അറിയിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാനാണ് ഇന്നലെ യു.ഡി.എഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതെന്ന് സുരേഷ് പറഞ്ഞു. ഇന്നലെ നടന്ന കെറെയിൽ പ്രതിഷേധ ജനസദസ്സിൽ നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല.
അതേസമയം, ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്നുള്ള വി.ഡി സതീശന്റെ പ്രസ്താവന അനവസരത്തിലെന്ന് ഐഎൻടിയുസി ജില്ലാ നേതാക്കളുടെ യോഗത്തിൽ വിമർശനം. സംഘടനാ പ്രവർത്തകരെ സതീശൻ ആശയക്കുഴപ്പത്തിലാക്കിയെന്നും പ്രസ്താവനയിൽ പാർട്ടി നേതൃത്വം നിലപാട് അറിയിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പോഷക സംഘടനയാണോ അല്ലയോ എന്നതിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരിയിലേത് സ്വാഭാവിക പ്രതിഷേധമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ തിങ്കളാഴ്ച ഐഎൻടിയുസി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ഐൻഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാടിൽ ഉറച്ച് നിന്നും അവരുടെ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് അറിയിച്ചും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. യൂത്ത് കോൺഗ്രസും കെഎസ്യുവുമാണ് കോൺഗ്രസിന്റെ പോഷക സംഘടനകളെന്നും ഐൻഎൻടിയുസി കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന മാത്രമാണെന്നും എന്നാൽ പാർട്ടിയുടെ അഭിവാജ്യ ഘടകമാണ് അവരെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ടെന്നും ഐഎൻടിയുസിയേ തള്ളി താൻ പറഞ്ഞതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ആലോചിച്ചാണ് നിലപാടെടുത്തതെന്നും ഒറ്റയ്ക്ക് പറയുന്ന അഭിപ്രായമല്ലെന്നും സതീശൻ വ്യക്തമാക്കി.