അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണം; ചികിത്സക്കിടെ മൂന്നര വയസുകാരൻ മരിച്ചതിൽ പൊലീസ് കേസെടുത്തു
ബന്ധുക്കളുടെ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്.
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സക്കിടെ മൂന്നര വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ചതിൽ പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം.
കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് മൂന്നര വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് മരിച്ചത് എന്നതിനാൽ ആരോഗ്യ വകുപ്പിൻ്റെ അന്വേഷണം നടത്താൻ ജില്ലാ കലക്ടറുടെ നിർദേശം ലഭിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.