ഉള്ളുരുകി ആറാംദിനം: കൂടുതൽ റഡാറുകളെത്തിച്ച് തിരച്ചിൽ ശക്തിപ്പെടുത്തും
ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ വ്യാപകമാക്കും
മേപ്പാടി: വയനാട് ഉരുൾപൊട്ടലിന്റെ ആറാംദിനമായ ഇന്ന് ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കും. ഡൽഹിയിൽ നിന്ന് കൂടുതൽ റഡാർ സംവിധാനങ്ങളെത്തിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുക. ഒരു സേവർ റഡാറും, നാല് റെക്കോ റഡാറുകളും ഇതിനായി ഇന്ന് ദുരന്തമുഖത്ത് എത്തിക്കും. ഉരുൾപൊട്ടലിൽ കാണാതായ 206 പേർക്കായാണ് ഇനി തിരച്ചിൽ ശക്തിപ്പെടുത്തുക.
അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 366 ആയി ഉയർന്നു. ഇതിൽ 152 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. ഇന്നലെ 14 മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ മലപ്പുറത്തെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ വ്യാപകമാക്കും. ചാലിയാറിൽനിന്ന് ഇതുവരെ 205 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിലെത്തുന്ന സന്നദ്ധപ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ചൂരൽമല കൺട്രോൾ റൂമിന് സമീപത്ത് പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ടീം ലീഡറുടെ പേരും വിലാസവും നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. വിലപിടിപ്പുള്ള വസ്തുക്കൾ കൺട്രോൾ റൂമിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.