നോട്ടു നിരോധനം സദുദ്ദേശ്യപരമെന്ന് തെറ്റിദ്ധരിച്ചു, വഞ്ചന തിരിച്ചറിഞ്ഞത് പിന്നീട്

നോട്ടു നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസം ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് കള്ളനോട്ട് നിർമാർജനം ചെയ്യാൻ തീരുമാനം ഫലപ്രദമാകുമെന്ന് കേരള നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു

Update: 2021-11-15 12:14 GMT
Advertising

നോട്ടു നിരോധിച്ചതിനെ ആദ്യ ഘട്ടത്തിൽ അഭിനന്ദിച്ച കെ.പി.സി.സി വൈസ് പ്രസിഡൻറും തൃത്താലയിലെ മുൻ എം.എൽ.എയുമായ വി.ടി ബൽറാം അഞ്ചാം വാർഷികത്തിൽ തീരുമാനത്തിലുള്ള നിലപാടിനെ കുറിച്ചും രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും മീഡിയവൺ ഓൺലൈനിനോട് സംസാരിക്കുന്നു. 2016 നവംബർ എട്ടിന് തീരുമാനമെടുത്ത ഉടൻ കേന്ദ്രസർക്കാറിന്റെ നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിച്ച് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കുറച്ചു ദിവസം വലിയ അസൗകര്യമുണ്ടെങ്കിലും പൊതുവിൽ നോക്കുമ്പോൾ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുമുള്ള ശക്തമായ നടപടിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യം അനുകൂലിച്ചു, ഇപ്പോഴെന്താണ് നിലപാട്?

നോട്ടു നിരോധനം പ്രഖ്യാപിച്ച ആദ്യമണിക്കൂറുകളിൽ അതിന്റെ പിറകിൽ ഉദ്യേശശുദ്ധിയുണ്ടെന്ന് തെറ്റിദ്ധരിച്ച ഒരാളാണ് ഞാൻ. നോട്ടുനിരോധിച്ച് തൊട്ടടുത്ത ദിവസം തന്നെ ഈ തീരുമാനം ഒട്ടും വീണ്ടുവിചാരമില്ലാതെയും തയാറെടുപ്പില്ലാതെയും നടപ്പാക്കപ്പെട്ടതാണെന്ന് തിരിച്ചറിയുകയായിരുന്നു. തീരുമാനത്തിന് പിറകിലുള്ള ദുരുദ്ദേശവും തിരിച്ചറിഞ്ഞു. ഇതോടെ ആദ്യം സ്വീകരിച്ച നിലപാട് തിരുത്തി. രാഷ്ട്രീയപരവും ജനദ്രോഹപരവുമായ തീരുമാനമാണെന്ന് മനസ്സിലാക്കി.



നിലപാട് മാറ്റിയതിന് പിറകിൽ?

നോട്ടു നിരോധനമേർപ്പെടുത്താൻ ബി.ജെ.പി സർക്കാർ ഉന്നയിച്ച കാര്യങ്ങളിൽ അവർക്ക് ഒട്ടും ആത്മാർത്ഥ ഇല്ലെന്നും കള്ളപ്പണം ഇല്ലാതാക്കാനും ഡിജിറ്റൽ എകണോമി സൃഷ്ടിക്കാനാണെന്നതും അവകാശപ്പെട്ടത് പൊള്ളയായിരുന്നുവെന്നും തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേശക സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥടക്കം പലരും ആദ്യ ഘട്ടത്തിൽ നോട്ടുനിരോധനത്തെ സ്വാഗതം ചെയ്തിരുന്നു. നോട്ടു നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസം ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് കള്ളനോട്ട് നിർമാർജനം ചെയ്യാൻ തീരുമാനം ഫലപ്രദമാകുമെന്ന് കേരള നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. കള്ളപ്പണത്തിന്റെ കാര്യത്തിൽ ഭാഗികമായി ലക്ഷ്യം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നടത്തണമെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിരുന്നു. അതായത് സാമ്പത്തിക വിദഗ്ധരടക്കം പലർക്കും ഇക്കാര്യത്തിൽ തുടക്കത്തിൽ തെറ്റിദ്ധാരണയുണ്ടായിരുന്നു. ഇവരടക്കമുള്ള ജനങ്ങളെ കേന്ദ്രഭരണകൂടം കബളിപ്പിക്കുകയായിരുന്നു.

Full View

രാഷ്ട്രീയ നീക്കമാണെന്ന് തിരിച്ചറിഞ്ഞത്?

നോട്ടുനിരോധനത്തെ തുടർന്ന് ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റിയെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഘവുമാണ്. ഗുജറാത്തിലെ സഹകരണ ബാങ്കുകളിലൂടെയായിരുന്നു ഈ നീക്കം. രാഷ്ട്രീയ പാർട്ടികളെയടക്കം ദുർബലമാക്കാനുള്ള രാഷ്ട്രീയ നടപടിയായിരുന്നു നിരോധനമെന്ന് തിരിച്ചറിയാൻ തുടർന്നുള്ള സംഭവങ്ങൾ വഴിയൊരുക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അഭിപ്രായപ്പെട്ടത് പോലെ ഇതൊരു സംഘടിത കൊള്ളയായിരുന്നു. രാജ്യത്തെ ജനങ്ങളെ ഭരണകൂടം കൊള്ളയടിക്കുകയായിരുന്നു. റിസർവ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരൊന്നും തീരുമാനം അറിഞ്ഞിട്ടില്ല. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന തീരുമാനമായിട്ടും അവരുടെ അഭിപ്രായങ്ങൾ അന്വേഷിച്ചില്ല. പ്രധാനമന്ത്രിയും കുറച്ചുപേരും മാത്രം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു.

ഡിജിറ്റൽ എകോണമി സാധ്യമോ?

രാജ്യത്തെ ഒരുപാട് പേർക്ക് ആധാർ കാർഡ് പോലുമില്ലാതിരിക്കെ ഡിജിറ്റൽ എകണോമി സാധ്യമല്ല. പലർക്കും റേഷൻ കാർഡുകളില്ല. 85 ശതമാനം തൊഴിലാളികളും അസംഘടിതമേഖലിയാണ് ജോലിചെയ്യുന്നത്. അതുകൊണ്ട് രാജ്യത്ത് പൂർണമായി ഡിജിറ്റൽ ഇടപാടുകൾ കൊണ്ടുവരാനാകില്ല. അവരെ അതിനു നിർബന്ധിക്കുന്നത് ജനവിരുദ്ധവുമായി മാറും. കോവിഡാനന്തരം ലോക്ഡൗൺ സമയത്തും മറ്റും ജനങ്ങൾ നേരിട്ടുള്ള കാഷ് ഇടപാടുകളിലേക്ക് നീങ്ങിയിട്ടുണ്ട്.

അധിക വായന: നോട്ടു നിരോധനത്തിന്റെ ശേഷം രാജ്യത്തെ പണമിടപാട്

15 കോടി ജനങ്ങൾക്ക് ഇപ്പോഴും ബാങ്ക് അക്കൗണ്ടില്ല. പണരഹിത സാമ്പത്തിക രംഗവും ഡിജിറ്റൽ ഇടപാടുകളും നിരവധി പേർക്ക് അപ്രാപ്യമായി തുടരുന്നു. കോവിഡാനന്തരം പണമിടപാട് വർധിച്ചു. 2021 നവംബർ ആറിന് ജനങ്ങളുടെ കയ്യിലുള്ള നോട്ടിന്റെ മൂല്യം 17.97 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഒക്ടോബർ എട്ടിന് മൂല്യം 57.48 ശതമാനം വർധിച്ച് 28.30 ലക്ഷം കോടി രൂപയായി. 10.30 ലക്ഷം കോടി രൂപയാണ് കൂടുതൽ ജനങ്ങളുടെ ഇടപാടുകളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2016 നവംബർ 25 മുതൽ പണമിടപാടിൽ 211 ശതമാനം വർധനവുണ്ടായതായി റിസർവ് ബാങ്ക് പറയുന്നു. ഇടത്തരം നഗരങ്ങളിൽ 90 ശതമാനം പണമിടപാട് നടക്കുന്നു. 2020 ഒക്ടോബർ 23 ന് 15,582 കോടി രൂപയുടെ വർധനവാണ് പണമിടപാടിലുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - ഇജാസ് ബി.പി

Web Journalist, MediaOne

Similar News