കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി

അസിസ്റ്റൻറ് എൻജീനിയർ, ഓവർസിയർ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും മന്ത്രി ഉത്തരവിട്ടു

Update: 2024-01-19 07:40 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് നിർമാണം പൂർത്തിയായി ആറു ദിവസത്തിനകം തകർന്ന സംഭവത്തില്‍ പൊതുമരാമത്തു വകുപ്പു ഉദ്യോഗസ്ഥർക്കെതിരെ നടപടി. അസിസ്റ്റൻറ് എൻജീനിയർ, ഓവർസിയർ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവിട്ടു. കരാറുകാരന്‍റെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദ് ചെയ്യാനും തീരുമാനം.

നിർമാണം പൂർത്തിയാ ആറാം ദിവസം തകർന്നു തുടങ്ങിയതാണ് കോഴിക്കോട് മാവൂരിന് സമീപമുള്ള കൂളിമാട് എരഞ്ഞിമാവ് റോഡ്. റോഡ് തകർന്നതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ പൊതുമരാമത്ത് വിജിലന്‍സ് അന്വേഷണം നടത്തി. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് റോഡ് തകരാൻ കാരണമെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. വിജിലന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അസി. എഞ്ചിനീയർ പ്രസാദ്, ഓവർസിയർ പ്രവീൺ എന്നിവർക്കിതിരെ വകുപ്പ് തല നടപടിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉത്തരവിട്ടു. രണ്ടു പേരെയും കോഴിക്കോട് ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്

റോഡു പണി നടത്തിയ അനിർകുമാർ എന്ന കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കും. തകർന്ന റോഡ് സ്വന്തം ചിലവില്‍ അറ്റകുറ്റപ്പണി നടത്താന്‍ കരാറുകാരനോട് മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അവസാനമാണ് 6 കിലോ മീറ്റർ ദൂരമുള്ള കൂളിമാട് എരഞ്ഞിമാവ് റോഡ് പണി പൂർത്തിയായത്. ആറാം ദിവസം മുതല്‍ റോഡ് തകർന്നു തുടങ്ങി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News