സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ മുംബൈ സ്വദേശി പിടിയിൽ
ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണ്ണവും പണവുമാണ് നഷ്ടമായത്
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശി മുഹമ്മദ് ഇർഷാദിനെയാണ് എറണാകുളം സൗത്ത് പൊലീസ് കർണാടകയിൽ നിന്നും പിടികൂടിയത്. മോഷണം പോയ സ്വർണ, വജ്രാഭരണങ്ങളും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാത്രി 1.30 ക്ക് ശേഷമാണ് സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണ്ണവും പണവും ആണ് നഷ്ടമായത്. വീട്ടിലെ പരിശോധനയിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതി സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
കർണാടകയിലെ ഉഡുപ്പിയിൽ നിന്നുമാണ് മുംബൈ സ്വദേശി മുഹമ്മദ് ഇർഷാദിനെ സൗത്ത് സിഎയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷണം പോയ വജ്രാഭരണങ്ങളും പണവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്നുതന്നെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. മഹാരാഷ്ട്രയിൽ നിന്നും കൃത്യമായ ആസൂത്രണത്തോടെ എത്തി മോഷണം നടത്തിയതിനാൽ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.