ആലപ്പുഴ സി.പി.എമ്മിൽ അച്ചടക്ക നടപടി; കെ. രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

പാർട്ടി നിയന്ത്രണത്തിലുള്ള പടനിലം സ്‌കൂളിലെ ക്രമക്കേടിലാണ് നടപടി.

Update: 2021-09-11 12:09 GMT
Advertising

പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ആലപ്പുഴ സി.പി.എമ്മിൽ അച്ചടക്ക നടപടി. മുതിർന്ന നേതാവും മുൻ ദേവസ്വം ബോർഡ് അംഗവുമായിരുന്ന കെ. രാഘവനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാർട്ടി നിയന്ത്രണത്തിലുള്ള പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്ന കാലത്ത് സ്കൂൾ മാനേജരും ചാരുംമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന മനോഹരനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഇവരോടൊപ്പം ഭരണസമിതിയിലുണ്ടായിരുന്ന ഏരിയ സെന്‍റർ അംഗം ജി. രഘുവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

പടനിലം ഹയർ സെക്കൻഡറി സ്കൂളിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്ത് കെ. രാഘവനും മറ്റ് രണ്ട് നേതാക്കളും ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. 2008 മുതൽ സ്കൂളി‌ൽ നടന്ന നിയമനങ്ങളിൽ, തലവരിപണം വാങ്ങിയത് ഉ‌ൾപ്പെടെ 1.63 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു പാർട്ടിക്ക് ലഭിച്ച പരാതി. ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ക്രമക്കേട് സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് അച്ചടക്ക നടപടി. 

ഏറെക്കാലം നിർജ്ജീവമായിരുന്ന കമ്മീഷൻ നടപടികൾ പാർട്ടിയിലെ വിഭാഗീയ നീക്കങ്ങളുടെ ഭാഗമായാണ് വേഗത്തിലായത്. മുൻ മന്ത്രി ജി. സുധാകരനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം തുടങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വസ്തനായ കെ. രാഘവനെതിരെ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. ഇതോടെ കമ്മീഷൻ റിപ്പോർട്ടും അച്ചടക്ക നടപടിയും വേഗത്തിലായി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News