മുന്നണിയിൽ ചർച്ച നടക്കാത്തതിൽ എൽ.ഡി.എഫിൽ അതൃപ്തി
സിവിൽ കോഡിൽ സിപിഎം നിലപാട് പ്രഖ്യാപിച്ചെങ്കിലും മുന്നണിയുടെ പൊതു അഭിപ്രായം ഇതുവരെ ചർച്ച ചെയ്യുകയും വ്യക്തമാക്കുകയും ചെയ്തിട്ടില്ല
തിരുവനന്തപുരം: മുന്നണി നയപരമായി എടുക്കേണ്ട തീരുമാനങ്ങളിൽ പോലും ചർച്ച നടക്കാത്തതിൽ എൽ.ഡി.എഫിൽ അതൃപ്തി. സിവിൽ കോഡിൽ സി.പി.എം നിലപാട് പ്രഖ്യാപിച്ചെങ്കിലും മുന്നണിയുടെ പൊതു അഭിപ്രായം ഇതുവരെ ചർച്ച ചെയ്യുകയും വ്യക്തമാക്കുകയും ചെയ്തിട്ടില്ല. സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയുണ്ട്. മൂന്നുമാസത്തിനുശേഷം ഇടത് മുന്നണി യോഗം 22ന് ചേരും.
മുന്നണി കൂട്ടായി ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ എല്ലാ പാർട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്നതാണ് എൽ.ഡി.എഫിൻറെ സാധാരണ രീതി. ജനകീയ പ്രക്ഷോഭങ്ങളിലും, നയപരമായ വിഷയങ്ങളിലും വിവിധ പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകുമെങ്കിലും മുന്നണി യോഗം കഴിഞ്ഞാൽ തീരുമാനം ഏകാഭിപ്രായത്തോടെ ഉള്ളതാകും. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇടതുമുന്നണിയിൽ അത്തരത്തിൽ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതി ഘടകകക്ഷികൾക്ക് ഉണ്ട്.
മുന്നണിയിലെ പ്രധാന പാർട്ടി എന്ന നിലയിൽ സി.പി.എം തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. പിന്നീട് മുന്നണി യോഗത്തിൽ സി.പി.എം ഇത് അറിയിക്കുകയാണ് ഇപ്പോഴത്തെ പതിവ്. പരസ്യ എതിർപ്പിന് തയ്യാറാകുന്നില്ലെങ്കിലും സി.പി.ഐയ്ക്കും ജനതാ പാർട്ടികൾക്കും കേരള കോൺഗ്രസ് എമ്മിനുമെല്ലാം ഇതിൽ വലിയ അതൃപ്തിയുണ്ട്.
ഏക സിവിൽ കോഡിലും സി.പി.എം ഈ നിലപാട് ആണ് തുടർന്നത്. കേന്ദ്രനേതൃത്വം ചർച്ച ചെയ്ത ശേഷം പാർട്ടി നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിന്നീട് സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി. പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് സെമിനാർ തീരുമാനിച്ചു. സമസ്തയെയും മുസ്ലീംലീഗിനെയും ക്ഷണിച്ചു. ഇത്രയുമായിട്ടും ഘടകകക്ഷികളോട് അഭിപ്രായം തേടാനോ അതുകൂടി പരിഗണിച്ചു കൊണ്ടുള്ള യോജിച്ചുള്ള നീക്കങ്ങൾക്കോ സി.പി.എം തയ്യാറായിട്ടില്ലെന്ന പരാതിയാണ് ഘടകക്ഷികൾക്കുള്ളത്.
മാത്രമല്ല ഇടക്കിടെ ചേർന്നിരുന്ന മുന്നണി യോഗങ്ങളും വല്ലപ്പോഴുമായി. ഏപ്രിൽ അഞ്ചിനാണ് അവസാന യോഗം ചേർന്നത്. മുന്നണി കൺവീനർ ഇ പി ജയരാജൻ സജീവമല്ലാത്തതും ഘടകകക്ഷികൾക്ക് ആശയവിനിയമത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. അവരുടെ അഭിപ്രായങ്ങൾ തേടാനോ അത് സി.പി.എമ്മിനെ അറിയിക്കാനോ ജയരാജൻ തയ്യാറാകുന്നില്ല എന്നാണ് ഘടകകക്ഷികളുടെ മറ്റൊരു പരാതി.