സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ ഒരു വാർഡ് കൂടും; ഓർഡിനൻസ് ഇറക്കാൻ പ്രത്യേക മന്ത്രിസഭായോഗം

വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കും

Update: 2024-05-20 07:04 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകള്‍ പുനർനിർണ്ണയിക്കാന്‍ മന്ത്രിസഭ തീരുമാനം. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടുന്നതിന് ഓർഡിനന്‍സ് ഇറക്കാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കും.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവില്‍ ഉള്ളത്. പുതിയ ഓർഡിനന്‍സ് പ്രകാരം 1300 വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്. നഗരസഭകളിലെ വാർഡുകളുടെ എണ്ണം 3078 ല്‍ നിന്ന് 3205 ആയേക്കും.നഗരസഭകളിലെ വാർഡുകളുടെ എണ്ണം കുറഞ്ഞത് 25 ല്‍ നിന്ന് 26 ആയേക്കും. പരമാവധി 52 ല്‍ നിന്ന് 53 ആയും വർധിക്കും.കോർപ്പറേഷനുകളിലേത് കുറഞ്ഞത് 55 ല്‍ നിന്ന് 56 ആയും പരമാവധി 100 ല്‍ നിന്ന് 101 ആയും വർധിക്കും.

ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ 2080 ഡിവിഷനുകളുണ്ട്.187 പുതിയതായി ഉണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ 3311 ഡിവിഷനുകളുള്ളതില്‍ 15 എണ്ണം കൂടി വർധിക്കും. വാർഡ് പുനർനിർണ്ണയത്തിനായി സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായ കമ്മീഷന്‍ രൂപീകരിക്കും.അതില്‍ നാല് വകുപ്പിന്‍റെ സെക്രട്ടറിമാർ ഉണ്ടാകും. ജനസംഖ്യാനുപാതികമായി വാർഡ് വിഭജിച്ച ശേഷം പരാതികള്‍ കമ്മീഷന്‍ കേള്‍ക്കും.അതിന് ശേഷമായിരിക്കും വാർഡ് വിഭജനം പൂർത്തിയാക്കുക.

വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. പുതിയ അംഗങ്ങള്‍ കൂടി വരുന്നതോടെ ഇവർക്ക് ഓണറേറിയം നല്‍കാന്‍ അഞ്ച് വർഷത്തേക്ക് 67 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.വാർഡ് വിഭജനത്തിനായി 2019 ഓർഡിനന്‍സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.പിന്നീട് നിയമസഭ ബില്‍ പാസാക്കി. അതിന് പിന്നാലെ കോവിഡ് വന്നതോടെ വാർഡ് വിഭജനം ഒഴിവാക്കി.ആ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വാർഡ് വിഭജനം.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News