കുത്തിവെപ്പിനിടെ നായയുടെ കടിയേറ്റു; ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ചികിത്സയിൽ
തേപ്പുപാറ വെറ്റിനറി സബ് സെൻറർ ഉദ്യോഗസ്ഥൻ നൗഫൽ ഖാനാണു കടിയേറ്റത്
പത്തനംതിട്ട ഏഴംകുളത്ത് പേവിഷബാധ കുത്തിവെപ്പിനിടെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ നായയുടെ കടിയേറ്റു. തേപ്പുപാറ വെറ്റിനറി സബ് സെൻറർ ഉദ്യോഗസ്ഥൻ നൗഫൽ ഖാനാണു കടിയേറ്റത്. കുത്തിവെപ്പിന് കൊണ്ടുവന്ന നായ നൗഫലിന്റെ കാലിൽ കടിക്കുകയായിരുന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിനിടെ ആയിരുന്നു സംഭവം. ഈട്ടിമൂട് കുലശ്ശേരി 27-ാം നമ്പർ അംഗൻവാടിയിൽ വെച്ച് നടത്തിയ കുത്തിവെപ്പിലാണ് നൗഫലിന് വളർത്തുനായയുടെ കടിയേറ്റത്. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിൽസ തേടിയ നൗഫൽ പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
നേരത്തെ റാന്നി, പെരുന്നാട് പഞ്ചായത്തിലെ വാക്‌സിനേഷൻ ക്യാമ്പിലും സമാന സംഭവം ഉണ്ടായിരുന്നു. പെരുനാട് മൃഗാശുപത്രിയിലെ എൽ.എസ്.ഐ രാഹുൽ ആർ.എസ്സിന്റെ കൈത്തണ്ടയിലാണ് വളർത്തുനായയുടെ കടിയേറ്റത്. തുടർച്ചയായി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.