പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി: പാഴൂരിൽ നിന്ന് വിതരണം വൈകും
കൂടുതൽ ടാങ്കർ ലോറികൾ പിടിച്ചെടുത്ത് പരമാവധി കുടിവെള്ളം വിതരണം ചെയ്യുകയാണ് ജില്ലാ ഭരണകൂടം
എറണാകുളം പാഴൂരിലെ ജല അതോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷനിൽ നിന്ന് പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. കൂടുതൽ ടാങ്കർ ലോറികൾ പിടിച്ചെടുത്ത് പരമാവധി കുടിവെള്ളം വിതരണം ചെയ്യുകയാണ് ജില്ലാ ഭരണകൂടം.
ടാങ്കർ ലോറികൾ എത്താത്ത ഇടങ്ങളിൽ ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്. പാഴൂരിലെ കേടായ പമ്പുകളിലൊന്നിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ന് ട്രയൽ റൺ നടത്തുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇത് തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. മറ്റൊന്നിൻ്റെ പണി പൂർത്തിയാകാൻ ഇനിയും വൈകും. ഇതോടെ ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഫോർട്ട് കൊച്ചി വെളിയിലെ കൺട്രോൾ റൂമിൽ നിന്നാണ് ടാങ്കറുകൾ പല ഇടങ്ങളിലേക്ക് വിന്യസിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ടാങ്കറുകൾ കടന്നു ചെല്ലാത്ത ഇടങ്ങളിൽ ജനങ്ങളുടെ ദുരിതം ബാക്കിയാണ്.