'കുടിക്കാനില്ല,കുളിക്കാനും'; ദാഹജലത്തിനായി തെരുവിലിറങ്ങി പശ്ചിമ കൊച്ചിയിലെ നാട്ടുകാർ
പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കലക്ടർക്ക് നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമായില്ല. കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നും തെരുവിലിറങ്ങി. ഇതോടെ ചിലയിടങ്ങളിൽ ടാങ്കറുകളിൽ താത്കാലികമായി വെള്ളം എത്തിച്ചെങ്കിലും തികഞ്ഞില്ല. എന്നാൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂഗർഭജലം പോലും ഉപയോഗിക്കാനാവാത്ത ഇവർ വാട്ടർഅതോറിറ്റിയുടെ ടാങ്കർ വെള്ളത്തെയും പൈപ്പ് വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്.
മരടിലെ പാഴൂർ പമ്പ് ഹൗസിൽ നിന്നാണ് പ്രധാനമായും വെള്ളം എത്തുന്നത്. എന്നാൽ ഒരുമാസമായി ഇവിടുത്തെ പമ്പുകൾ കേടായിട്ട്.ഇതുവരെയും ഇത് നന്നാക്കിയിട്ടില്ല. ഇതോടെ കുടിവെള്ളം മുട്ടുകയും ചെയ്തു. ഒടുവിൽ പ്രതിഷേധവുമായി നാട്ടുകാർ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.
അതേസമയം, കുടിവെള്ളക്ഷാമത്തിന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉടനെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു. 'പമ്പ് ഹൗസിലെ മോട്ടോറുകൾ തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ചെറിയ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ശ്രമം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു .പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കലക്ടർക്ക് നൽകിയെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.