ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപരിക്കേൽപിച്ച കേസ്: അഞ്ച് ബി.ജെ.പി പ്രവർത്തകരെ പ്രതി ചേർത്തു
കുറിയന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്
പത്തനംതിട്ട: കോഴഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപരിക്കേൽപിച്ച കേസിൽ അഞ്ച് ബി.ജെ.പി പ്രവർത്തകരെ പ്രതി ചേർത്തു. ഇന്നലെ രാത്രിയാണ് കോഴഞ്ചേരി ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി നെജിൽ കെ ജോണിന് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ ബി.ജെ.പി പ്രവർത്തകന്‍റെ വീട് ഒരു സംഘം അടിച്ച് തകർത്തു. സംഘർഷ സാധ്യത പരിഗണിച്ച് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
കുറിയന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്. കോഴഞ്ചേരി ടൗണിന് സമീപത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് മൂന്ന് വാഹനങ്ങളിലായി എത്തിയ അക്രമി സംഘം നെജിലിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ നെജിലിനെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവ മോർച്ച കുറിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപു വി ഷാജിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്‍റെ ജനൽ ചില്ലകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമി സംഘം തകർത്തു. ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ദീപു അടക്കമുള്ള അഞ്ച് ബി.ജെ.പി പ്രവർത്തകരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. വീടാക്രമണ കേസിൽ ദീപുവിന്‍റെ മൊഴി പ്രകാരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും പ്രതി ചേർത്തു. അതേസമയം അക്രമ, പ്രതിഷേധ സാഹചര്യങ്ങൾ മുന്നിൽക്കണ്ട് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കായിരിക്കുകയാണ്.