'ആകാശേ ആ കളി ഇനി വേണ്ട'; ആകാശ് തില്ലങ്കേരിക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ നേതാവ് ഷാജർ
തില്ലങ്കേരിയുടെ പേരിൽ ഒരു കൊടുംക്രിമിനലും അറിയപ്പെടില്ലെന്നും ഷാജർ പറഞ്ഞു
കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ഷാജർ. കണ്ണൂർ തില്ലങ്കേരിയിൽ നടന്ന സി.പി.എം വിശദീകരണ യോഗത്തിലായിരുന്നു ഷാജറിന്റെ മുന്നറിയിപ്പ്. ആർഎസ്എസിനേക്കാൾ പാർട്ടിക്കിന്ന് ശത്രു നിങ്ങളെപോലെയുള്ള ക്വട്ടേഷൻ സംഘങ്ങളാണെന്ന് ഷാജർ പറഞ്ഞു.
തില്ലങ്കേരിയുടെ സ്ഥലനാമത്തെ ക്വട്ടേഷൻ പ്രവർത്തനത്തിനോ കള്ളക്കടത്തിനോ ഉപയോഗിക്കാൻ മുന്നോട്ട് വരികയാണെങ്കിൽ അവരുടെ തലയിൽ ഒരു ചുവപ്പും കത്തില്ല. തില്ലങ്കേരിയുടെ പേരിൽ ഒരു കൊടുംക്രിമിനലും അറിയപ്പെടില്ലെന്നും ഷാജർ പറഞ്ഞു. ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളെ അപഹസിക്കാനോ ആക്ഷേപിക്കാനോ ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ ഈ പ്രസ്ഥാനം എന്തെന്ന് നാട് കാട്ടിത്തരുമെന്നും ഷാജർ മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണ യോഗം സംഘടിപ്പിച്ചത്.
ക്വട്ടേഷനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണ് സിപിഎം സമീപനമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തില്ലങ്കേരിയായാലും മറ്റെവിടെ ആയാലും ക്വട്ടേഷനെതിരെ സിപിഎമ്മിന് ഒരു നിലപാടേ ഉള്ളൂ. അതിൽ ഭിന്നതയില്ലെന്നും ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾ വിമർശിക്കണം പക്ഷേ ആത് വസ്തുനിഷ്ഠമാകണം. ക്വട്ടേഷൻകാരുടെ നവമാധ്യമ ഇടപ്പെൽ പാർട്ടിക്ക് വേണ്ട. ചുവപ്പ് കൊണ്ട് തലയിൽ കെട്ടി നടന്നാൽ മനസ്സിൽ ചുവപ്പുണ്ടാകില്ല. നാടിനോട് കൂറുണ്ടെങ്കിൽ പേരിലെ ആ സ്ഥലപര് മാറ്റണം. കക്കൂസ് മാലിന്യം പോലെ ഒരു സ്ത്രീക്കെതിരെ നവമാധ്യമങ്ങളിൽ തെറിയഭിഷേകം നടത്തുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു.