കന്റോൺമെന്റ് ഹൗസിന്റെ മതിൽ ചാടിക്കടന്ന് ഡി.വൈ.എഫ്.ഐ പ്രതിഷേധം; മൂന്ന് പേർ അറസ്റ്റിൽ
പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയാണ് കന്റോമെന്റ് ഹൗസ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്‍റെ മതില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചാടിക്കടന്നു. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അഭിജിത്, ശ്രീജിത്ത്, ചന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ മൂന്ന് പേരും മതിൽ ചാടിക്കടന്നത്. തുടർന്ന് ഇവർ മുന്നോട്ട് ഓടിക്കയറുകയായിരുന്നു. ഈ സമയത്ത് മൂന്ന് ഗാര്‍ഡികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ ഇവര്‍ക്കായില്ല.
പിന്നീട് മൂന്നുപേരെയും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അഭിജിത്, ശ്രീജിത്ത് എന്നിവരെ പുറത്തെത്തിച്ചെങ്കിലും ചന്തുവിനെ ഏറെ നേരെ പുറത്തേക്ക് കാണാനില്ലെന്ന് പരാതിയുയര്‍ന്നു. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സൽ സ്റ്റാഫ് അംഗങ്ങൾ പിടിച്ചുവെച്ചന്നാണ് ആരോപണം. പ്രവർത്തകർ ഏറെനേരം ഗെയിറ്റിനുമുന്നിൽ പ്രതിഷേധിച്ചു. തുടര്‍ന്നാണ് പേഴ്‌സൽ സ്റ്റാഫ് അംഗങ്ങൾ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് ഇവരെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തതായി ഇവർ ആരോപിച്ചു.