ഫോട്ടോഷോപ്പ് ചെയ്തു മാറ്റി, ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ പോസ്റ്റർ വിവാദത്തിൽ
ജമാഅത്തെ ഇസ്‌ലാമിയുടെ സേവനവിഭാഗമായ ഐആർഡബ്ല്യു നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തുമാറ്റിയാണ് പരിപാടിയുടെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
കണ്ണൂർ: ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലനക്യാമ്പിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ. ജമാഅത്തെ ഇസ്‌ലാമിയുടെ സേവനവിഭാഗമായ ഐആർഡബ്ല്യു നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തുമാറ്റിയാണ് പരിപാടിയുടെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. അംജദ് എടത്തല എന്ന ജമാഅത്ത് പ്രവർത്തകന്റെ ജാക്കറ്റിന് മുകളിൽ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് എന്ന് ഫോട്ടോ ഷോപ്പിലൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. കണ്ണൂരിലെ കോളിക്കടവിൽ ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ് പരിശീലനക്യാമ്പ് എം. വിജിൻ എംഎൽഎ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
ഡിവൈഎഫ്‌ഐ പോസ്റ്റർ അടിച്ചുമാറ്റിയെന്ന് ആരോപിച്ച് സോഷ്യൽമീഡിയയിൽ വിമർശനം ശക്തമാണ്. ഡിവൈഎഫ്‌ഐ ഇസ്ലാമിസ്റ്റ് ബ്രിഗേഡ് എന്ന് വിളിച്ചുകൂടെ എന്നാണ് ചിലരുടെ പരിഹാസം. സ്വന്തമായി എന്തെങ്കിലും ചെയ്തിട്ടു വേണ്ടേ ഫോട്ടോ ഉണ്ടാകാൻ എന്നും ചിലർ ചോദിക്കുന്നു. അതേസമയം ഡിസൈൻ ചെയ്തവർക്ക് വന്ന പിഴവാകാം അബദ്ധത്തിന് കാരണമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കൾ നൽകുന്ന വിശദീകരണം.