ഇ. ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ട കേസ്; പ്രകാശ് ബാബുവിനെ പിന്തുണയ്ക്കാതെ കാനം
സിപിഎമ്മിന് എതിരെ പ്രകാശ് ബാബു ഉന്നയിച്ച പരാമർശത്തിനാണ് കാനത്തിന്റെ പിന്തുണയില്ലാത്തത്
തിരുവനന്തപുരം: ഇ. ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ട കേസിൽ പ്രകാശ് ബാബുവിനെ പിന്തുണയ്ക്കാതെ കാനം രാജേന്ദ്രൻ. സിപിഎമ്മിന് എതിരെ പ്രകാശ് ബാബു ഉന്നയിച്ച പരാമർശത്തിനാണ് കാനത്തിന്റെ പിന്തുണയില്ലാത്തത്. താൻ കുറച്ചു കൂടി ഉത്തരവാദിത്തപ്പെട്ട നേതാവാണെന്നും വിഷയം പാർട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം പറഞ്ഞു. സിപിഎമ്മിനെ വിമർശിച്ചത് എന്തിനാണെന്ന് പ്രകാശ് ബാബുവിനോട് ചേദിക്കണമെന്നും കാനം പറഞ്ഞു.
മുൻ മന്ത്രിയും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ ചന്ദ്രശേഖരൻ എം.എൽ.എക്ക് എതിരായ കേസിലെ സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തെ വിമർശിച്ച് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. സത്യസന്ധമായി മൊഴി നൽകുന്നതിന് പകരം എങ്ങനെയും ബി.ജെ.പി- ആർ.എസ് എസ് പ്രതികളെ രക്ഷിക്കണമെന്ന സിപിഎം ജില്ലാ പ്രാദേശിക നേതാക്കളുടെ നിലപാട് അപലപനീയമാണ്. സിപിഎം നിലപാട് പരിഹാസ്യമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവകരമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി.,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്.സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,.ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി.കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സി.പി.ഐ നേതാവും മന്ത്രി യുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടു ക്കുന്നതിനു പകരം ആർ.എസ്.എസ്,,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്.പരിഹാസൃമാണ്. സി..പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാൻ കരുതുന്നു.
എം.എൽ.എ.യെ ആക്രമിച്ച കേസിൽ സാക്ഷികളായ സി.പി.എം നേതാക്കൾ കൂറുമാറിയതോടെയാണ് തെളിവുകളുടെ അഭാവത്തിൽ 12 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെവിട്ടത്. 2016 മേയ് 19-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ലാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റത്. ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കെ.രവി 2022 നവംബർ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗം അനിൽ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാൾ.
സി.പി.എം നേതാക്കൾ പ്രതികളായ മറ്റൊരു കേസിലെ സാക്ഷികളായ ബി.ജെ.പി പ്രവർത്തകർ കൂറുമാറിയതിന് പ്രത്യുപകാരമായാണ് ഈ കൂറുമാറ്റമെന്ന് ആക്ഷേപം ഉയർന്നിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയാ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉൾപ്പെടെ 11 സി.പി.എം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷികളായ ബി.ജെ.പി. പ്രവർത്തകർ ഏതാനും മാസം മുമ്പ് കൂറുമാറിയത്. ഈ രണ്ട് കേസുകളിലെയും സാക്ഷികൾ കൂറുമാറിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.