ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; ഉടമയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്
1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു
തൃശ്ശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസിൽ ഓൺലൈൻ വ്യാപാര കമ്പനി ഹൈറിച്ച് ഉടമയുടെ ഓഫീസിലും വീട്ടിലും ഇ ഡി റെയ്ഡ്. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് റെയ്ഡ്.
1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോർട്ട് പുറത്ത് കഴിഞ്ഞദിവസം വന്നിരുന്നു. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.
1,63,000 ഉപഭോക്താക്കളിൽനിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂർ ചേർപ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുന്നതാകും നല്ലതെന്ന സൂചനയും പൊലീസ് റിപ്പോർട്ടിലുണ്ട്.