വിദ്യയുടെ ചൂടു നുകർന്ന് എജുകഫേക്ക് സമാപനം
രണ്ട് ദിവസമായി ടാഗോർ സെന്റിനറി ഹാളിൽ നടന്ന മേളയിൽ 5000ഓളം പേർ സംബന്ധിച്ചു
കോഴിക്കോട്: ഉന്നതവിദ്യാഭ്യാസത്തിലേക്ക് പുതിയ ദിശാബോധവും ആത്മവിശ്വാസവും സമ്മാനിച്ച് മാധ്യമം എജുകഫേ വിദ്യാഭ്യാസ മേളക്ക് പ്രൗഢസമാപനം. രണ്ട് ദിവസമായി ടാഗോർ സെന്റിനറി ഹാളിൽ നടന്ന മേളയിൽ 5000ഓളം പേർ സംബന്ധിച്ചു. അവസാന ദിനമായ ശനിയാഴ്ച പ്രശസ്ത മോട്ടിവേഷനൽ സ്പീക്കറായ ഡോ. മാണി പോളിന്റെ ക്ലാസോടെയാണ് എജുകഫേക്ക് തുടക്കമായത്.
രസകരമായ ക്ലാസുകളിലൂടെ മാണി പോൾ കുട്ടികൾക്ക് ഹൃദ്യമായ അനുഭവമൊരുക്കി. ടി.പി. അഷ്റഫിന്റെ ക്ലാസുകളിലൂടെ വിദേശത്തെ സർവകലാശാലകളിലെ പഠന അവസരങ്ങൾ വിദ്യാർഥികൾക്ക് മനസ്സിലാക്കാനായി. പഠനത്തെ സംബന്ധിച്ച പതിവ് കെട്ടുകഥകൾ മാറ്റിയെഴുതണമെന്ന് ആർ.ബി ട്രെയിനിങ്സ് ഡയറക്ടറായ അസ്കർ ഹസൻ മേളയിൽ പങ്കെടുത്തവരെ ആഹ്വാനം ചെയ്തു. ഉച്ചക്കു ശേഷം നടന്ന ടോപ്പേഴ്സ് ടോക്കിലും അസ്കർ ഹസൻ വിദ്യാർഥികളുമായി സംവദിച്ചു. 'ബസ് ദ ബ്രയിൻ' ക്വിസ് ഗ്രാൻഡ് ഫിനാലെ സൈലം ലേണിങ്ങിലെ മുഹമ്മദ് ജാബിറും ഒ. നുസ്റത്തും നയിച്ചു. സാധിക സുരേന്ദ്രൻ ഒന്നും അമ്മാർ റഷീദ് രണ്ടും ആര്യനന്ദ മൂന്നും സ്ഥാനം നേടി. ഫൈസൽ പി. സെയ്ദും ക്ലാസുകളെടുത്തു .
വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച പഠനം നടത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സിലബസുകളേക്കാൾ ഉപകാരപ്രദമാണ് വിദേശത്തെ സിലബസുകളെന്നും ഫൈസൽ കൂട്ടിച്ചേർത്തു. ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിച്ച ' ദ ആർട്ട് ഓഫ് സക്സസ്' എജുകഫേയുടെ അവസാന ദിനത്തിന് മോടികൂട്ടി. വിജയത്തിലേക്കുള്ള വഴി സ്വതസിദ്ധമായ ശൈലിയിൽ ജി.എസ്. പ്രദീപ് വിശദീകരിച്ചു. ഇൻർനാഷനൽ ഹിപ്നോസിസ് മെന്ററായ മാജിക് ലിയോയുടെ ഹിപ്നോസിസ് പ്രകടനങ്ങൾ വിസ്മയവും ചിന്തയും ഒരുമിച്ചുണർത്തി.
പ്രമുഖ ലേണിങ് ആപ്പും ലേണിങ് സെന്ററുമായ സൈലം ആണ് എജുകഫേ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് പ്രസന്റിങ് സ്പോൺസറായിരുന്നു. ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫേ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലെത്തിയത്. മലപ്പുറത്തെ മേള ഈ മാസം 27നും 28നും മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.