സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിൽ കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
വി ശിവൻകുട്ടിയെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിൽ കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അലോട്ട്മെന്‍റ് പൂർത്തിയാകുമ്പോൾ 30,000 ത്തിലധികം സീറ്റുകൾ അധികം വരും. നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞ ശേഷം സർക്കാർ സ്ഥിതി വിലയിരുത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
എന്നാൽ മന്ത്രി അവതരിപ്പിച്ച കണക്ക് തെറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപോയി. വി ശിവൻകുട്ടിയെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു .
പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പ്ലസ് വണ്‍ സീറ്റുകള്‍ക്കായി പുതിയ ബാച്ചുകൾ അനുവദിക്കാത്തതാണ് വിദ്യാഭ്യാസ രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാർക്ക് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ പറഞ്ഞു. പണം കൊടുത്ത് പഠിക്കാൻ ശേഷിയില്ലത്തവർ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു സഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ വിമര്‍ശനം.
സീറ്റുകൾ റീ അറേഞ്ച് ചെയ്യണം എന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. ഇനിയെങ്കിലും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നൽകണം. പ്രവേശനത്തിന്‍റെ തോതല്ല പരിഗണിക്കേണ്ടത്. ആകെയുള്ള അപേക്ഷകരുടെ എണ്ണമാണ് എടുക്കേണ്ടത്. മൊത്തം കണക്കുകൾ എടുത്താൽ നീതികേടിന്‍റെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാനാവും. പാലക്കാട് മാത്രം ആയിരത്തോളം സീറ്റിന്‍റെ കുറവാണുള്ളത്. വിജയശതമാനം കൂടുതലുള്ള മലപ്പുറം പോലെയുള്ള ജില്ലകളില്‍ മികച്ച വിജയം നേടിയിട്ടും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട വിഷയം കിട്ടുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.