ഇസ്‍ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബിച്ചിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു
കോഴിക്കോട്: മുപ്പത് ദിവസം നീണ്ട റമദാൻ വ്രതം പൂർത്തിയാക്കി സംസ്ഥാനത്തെ ഇസ്‍ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബിച്ചിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഈദ് നമസ്കാ രത്തിൽ സ്ത്രീകളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഇസ്‍ലാം മത വിശ്വാസികളാണ് പങ്കെടുത്തത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഷെരീഫ് മേലേതിലിന്‍റെ കാർമികത്വത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. മറൈൻഡ്രൈവിൽ ജമാഅത്തെ ഇസ്‍ലാമിയുടെ നേതൃത്വത്തിലും ആലുവ അദ്വൈതാശ്രമം ശിവഗിരി വിദ്യാനികേതൻ, കലൂർ സ്റ്റേഡിയം എന്നിവടങ്ങളിലും ഈദ് ഗാഹുകൾ നടന്നു. കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിന് ടി.ആരിഫലി നേതൃത്വം നൽകി.
മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരാണ് നേതൃത്വം നൽകിയത്. ജാമി ഉൽ ഫുതൂഹില്ലിലെ ആദ്യ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം നേതൃത്വം നൽകുമെന്ന് അറിഞ്ഞതോടെ ആയിരക്കണക്കിനാളുകളാണ് അവിടെക്ക് ഒഴുകിയെത്തിയത്. പാലക്കാട് സിറ്റി ഈദ്ഗാഹ് ബഷീർ ഹസൻ നദ് വിയുടെ നേതൃത്വത്തിൽ മിഷ്യൻ സ്കൂൾ മൈതാനിയിലും കെ.എന്‍.എം ഈദ്ഗാഹ് കോട്ട മൈതാനത്തും നടന്നു. കണ്ണൂരിൽ കണ്ണൂർ സ്റ്റേഡിയം, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, മൊട്ടാമ്പ്രം പുതിയങ്ങാടി മിനാർ ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഈദ് ഗാഹ് നടന്നു. കാസർകോട് ടൗൺ, ഉദുമ, പടന്ന എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. കെഎൻഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് ഗാഹിന് മുഷ്താഖ് അഹമ്മദ് സ്വലാഹി നേതൃത്വം നൽകി. ഇടുക്കിയിൽ തൊടുപുഴ മങ്ങാട്ടുകവല പഞ്ചായത്ത് ബസ് സ്റ്റാൻ്റ്,അടിമാലി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലും സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. കേരളത്തിനൊപ്പം ഒമാനിലെ ഇസ്‌ലാം മത വിശ്വാസികളും ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.