അർജുനായി തിരച്ചിൽ പതിനൊന്നാം ദിവസം
എ.കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഷിരൂരിലേക്ക് പോകും
മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരും. തിരച്ചിലിനിടയിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം ഇന്നലെ പറഞ്ഞിരുന്നു. ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന. നിലവിൽ പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ട്. മന്ത്രിമാരായ എ.കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഷിരൂരിലേക്ക് പോകും. ഇവർ ഉച്ചയോടെ സ്ഥലത്ത് എത്തിച്ചേരും. അർജുനെ കണ്ടെത്തുന്നതുവരെ സമ്മർദം തുടരുമെന്ന് റിയാസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം.
ഗംഗാവലി പുഴയിൽ മൂന്നിടത്ത് ലോഹ ഭാഗങ്ങൾ കണ്ടെത്തിയുട്ടുണ്ട്. കനത്തമഴയെയും അടിയൊഴുക്കിനെയും തുടർന്ന് ഇന്നലെയും തിരച്ചിൽ തടസ്സപ്പെട്ടിരുന്നു. അങ്കോലയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്.
ഇന്നലെ നദിയിൽ മൂന്ന് സ്പോട്ടുകളിലായി ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മൂന്നാം സ്പോട്ട് അർജുൻ്റെ ട്രക്ക് ആവാൻ കൂടുതൽ സാധ്യതയുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. എട്ട് മീറ്റർ ആഴത്തിലാണ് സിഗ്നൽ ലഭിച്ചതെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ പറഞ്ഞു.
വാഹനത്തിൻ്റെ കാബിൻ വേർപെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോറിയുടെ അകത്ത് അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ലോറി വെള്ളത്തിൽ മുങ്ങിയതിന് ശേഷം തടികൾ ഒഴുകിപോകാനാണ് സാധ്യത.