Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: പെരിയ ഇരട്ട കൊല കേസിൽ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 14 പേർക്കാണ് കൊച്ചി സിബിഐ കോടതി ശിക്ഷ വിധിക്കുക.
സിപിഎമ്മിന്റെ നാല് നേതാക്കൾ അടക്കം 14 പേർക്കുള്ള ശിക്ഷയാണ് കൊച്ചി സിബിഐ കോടതി വിധിക്കുക. മുൻ ഉദുമ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, മുൻ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്കരൻ എന്നിവർക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കലടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. ഇവ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ്. ഒന്നാം പ്രതിയായ പീതാംബരൻ, നാലാംപ്രതി അനിൽകുമാർ, ഏഴാം പ്രതി അശ്വിൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. നിഷ്ഠൂരമായ കൊലപാതകമായതിനാൽ പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് ശിക്ഷയിന്മേലുള്ള വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.
2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്ത്ലാലും വെട്ടേറ്റ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് 14 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത് എങ്കിലും മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയിൽ ചേർക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചത്. കൊച്ചി സിബിഐ കോടതിയിലെ ജഡ്ജി എന്ന ശേഷാദ്രിനാഥനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.