തൊഴില്‍ നികുതി വെട്ടിപ്പ്; സിയാലിലെ സ്വകാര്യ കമ്പനിക്കെതിരെ നടപടി
വ്യാജരേഖയുണ്ടാക്കി തൊഴില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പഞ്ചായത്തിന്‍റെ പരാതിയില്‍ BWFS എന്ന സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്‍ലിംഗ് കമ്പനിയുടെ തൊഴില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി നെടുമ്പാശേരി പഞ്ചായത്ത് അധികൃതർ. വ്യാജരേഖയുണ്ടാക്കി തൊഴില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പഞ്ചായത്തിന്‍റെ പരാതിയില്‍ BWFS എന്ന സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.
2012 മുതലുള്ള പതിമൂന്ന് വർഷങ്ങളിലായി നെടുമ്പാശ്ശേരി പഞ്ചായത്തില്‍ അടക്കേണ്ടിയിരുന്ന തൊഴില്‍ നികുതിയാണ് BWFS എന്ന കമ്പനി വെട്ടിപ്പ് നടത്തിയത്. രേഖകളില്‍ കൃത്രിമം കാട്ടി തുക മുഴുവന്‍ പഞ്ചായത്തില്‍ അടച്ചില്ലെന്നണ് പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആലുവ സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു പഞ്ചായത്തിന്‍റെ നടപടി.
സ്ഥാപനത്തില്‍ പരിശോധന നടത്തിയ പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് നോട്ടീസും നല്‍കി. BWFS കമ്പനി മേധാവി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. സിയാലിലെ മറ്റ് കമ്പനികളിലും പരിശോധന നടത്താനാണ് നെടുമ്പാശ്ശേരി പഞ്ചായത്തിന്‍റെ തീരുമാനം ഇതിനായി മുഴുവന്‍ കമ്പനികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സിയാല്‍ എംഡിക്ക് പഞ്ചായത്ത് കത്ത് നല്‍കി.