‘അൻവർ തീവ്രവാദ ശക്തികളുടെ തടവറയിൽ’; സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്

‘കേരളത്തിലെ ന്യൂനപക്ഷത്തിന് വിശ്വസിക്കാൻ കഴിയുന്ന പ്രസ്ഥാനം സിപിഎം തന്നെയാണ്’

Update: 2024-09-28 15:24 GMT
Advertising

മലപ്പുറം: പി.വി അൻവർ എംഎൽഎ തീവ്രവാദ ശക്തികളുടെ തടവറയിലാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്. താൻ ആർഎസ്എസുകാരനാണെന്ന ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റേത് പാർട്ടിക്കെതിരായ കടന്നാക്രമണമാണ്. വ്യക്തിപരമായ ആക്രമണമായി കാണുന്നില്ല. ആദ്യം മുസ്ലിം പ്രീണനം ആയിരുന്നു ആരോപണം. ഇപ്പോൾ മുസിലിംകളെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.

അൻവർ ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച് വലതു പാർട്ടികളോടൊപ്പം ചേർന്നതിനാലാണ് തന്നെ ആർഎസ്എസ് എന്ന് ചിത്രീകരിക്കുന്നത്. ഇടതുപക്ഷം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കുന്നത്. നിലമ്പൂരിൽ ഇത്തരത്തിലുള്ള വികസനങ്ങൾ വേഗത്തിൽ നടന്നിട്ടില്ല. മറ്റു മണ്ഡലങ്ങളിലെ എംഎൽഎമാർ നിരന്തരമായി ഇടപെടുന്നുണ്ട്. എന്നാൽ, നിലമ്പൂർ മണ്ഡലത്തിലെ വികസനത്തിനായി എന്തെങ്കിലും ഇടപെടൽ അൻവർ നടത്തിയിട്ടില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഏതെങ്കിലും മന്ത്രിമാരെ നേരിട്ട് കാണുക പോലും ചെയ്തിട്ടില്ല. മണ്ഡത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കുറവായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലായിരുന്നു കൂടുതൽ. അത് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസനത്തെ നന്നായി ബാധിച്ചു. വികസന പ്രവർത്തനങ്ങൾ പൂർണമാകാതെ പോയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദി അൻവർ തന്നെയാണ്.

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം ഓരോ ദിവസവും മുന്നോട്ടു പോകുമ്പോൾ സ്വാഭാവികമായും പ്രതികരിച്ചിട്ടുണ്ട്. ആ പ്രതികരണമാണ് അദ്ദേഹത്തെ അലോസരപ്പെടുത്തിയത്. അൻവറിന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. തന്നെ അറിയുന്നവരാണ് മലപ്പുറം ജില്ലയിലുള്ളവർ. താൻ ആർഎസ്എസാണ്, വർഗീയവാദിയാണ്, മുസ്ലിം വിരുദ്ധനാണ് എന്നാണ് അൻവർ പറഞ്ഞത്. മുസ്ലിം ലീഗിന്റെ നേതാവ് പോലും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കില്ല.

1970 മുതൽ പൊതുരംഗത്തുള്ള ആളാണ്. വിരോധം തീർക്കാൻ ആർഎസ്എസ് ചാപ്പ കുത്താൻ ശ്രമിക്കരുത്. അൻവർ വാ തുറന്നാൽ പച്ച നുണയാണ് പറയുന്നത്. എംഎൽഎമാരുടെ യോഗം വിളിച്ചാൽ വരാറില്ല. പാർട്ടി അംഗങ്ങൾ നേതാക്കന്മാരും ഹജ്ജിനു പോയവരുണ്ട്. ഇങ്ങനെ കളവ് പറയാൻ പാടുണ്ടോ എന്ന് വിശ്വാസിയായ അൻവർ ആത്മപരിശോധന നടത്തണം. അൻവർ നാട്ടിൽ ഉണ്ടാകാത്തതിനാൽ താൻ അപൂർവമായേ കാണാറുള്ളൂ.

അൻവറിനെ ഫോണിൽ സംസാരിക്കാറുണ്ട്. അവസാനമായി ഫോണിൽ സംസാരിച്ചത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പറയാൻ വേണ്ടിയാണ്. ആവശ്യത്തിന് വേണ്ടി മാത്രമേ അദ്ദേഹത്തെ വിളിക്കാറുള്ളൂ. സിപിഎമ്മിന്റെ മിഷനറി ശക്തമായി പ്രവർത്തിച്ചതു കൊണ്ടാണ് അൻവർ വിജയിച്ചത്. പാർട്ടി പ്രവർത്തകരുടെ പ്രവർത്തനം കൊണ്ടാണ് വിജയിച്ചത് എന്ന് കാണിച്ചു അൻവർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

പരസ്പരം കലഹിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പാരമ്പര്യം അതല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസിൽ കലഹം ഉണ്ടാകാറില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്ന് അൻവറിന് അറിയില്ല. അൻവർ പറഞ്ഞതിൽ സത്യത്തിന്റെ ഒരംശവും ഇല്ല. ഇ.എൻ മോഹൻദാസിന്റെ പൊതുപ്രവർത്തനം ഒരു തുറന്ന പുസ്തകമാണ്. തന്റെ രാഷ്ട്രീയപ്രവർത്തനം കച്ചവടമല്ല, ബഹുജന സേവനമാണ്. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ല. പാർട്ടി നിർബന്ധിക്കുമ്പോഴാണ് ഏറ്റെടുക്കുന്നത്.

പ്രകോപനപരമായ മുദ്രാവാക്യങ്ങളോട് പാർട്ടി നേതൃത്വത്തിന് യോജിപ്പില്ല. അൻവറിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കാതിരിക്കാൻ മുദ്രാവാക്യങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ഇനി അങ്ങനെ ഉണ്ടാകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

പൊതുസമ്മേളനം നടത്താൻ ആർക്കും അവകാശമുണ്ട്. അൻവർ പൊതുസമ്മേളനം നടത്തിയാൽ ആളുണ്ടാകും. സിപിഎം വിരുദ്ധ പാർട്ടിക്കാർ എല്ലാവരും അതിൽ പ​ങ്കെടുക്കും. എംഎൽഎ ഫണ്ട് സംബന്ധിച്ച് ഒരു തീരുമാനവും ജില്ലാ കമ്മിറ്റി തീരുമാനിക്കാറില്ല. അതാത് പ്രദേശത്തെ ഏരിയാ കമ്മിറ്റി സെക്രട്ടറിമാരുമായി ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിക്കാറ്. അതിൽ ജില്ലാ നേതൃത്വം ഇടപെടാറില്ല. തീവ്ര വർഗീയതയുടെ പന്തമാണ് അൻവറിന്റെ കൈയിലുള്ളത്. അൻവർ തീവ്രവാദ ശക്തികളുടെ തടവറയിലായിരിക്കുന്നു. അൻവറിനോട് സഹതാപമാണുള്ളത്.

സ്വതന്ത്ര എംഎൽഎമാർ വ്യാപാരം നടത്താൻ പാടില്ല എന്നൊന്നും പാർട്ടി തീരുമാനിക്കാറില്ല. 24 മണിക്കൂറും മുമ്പാണ് തനിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയത്. അതിനുശേഷം തന്നെ ഭീകരനാക്കി ചാപ്പകുത്തി. അൻവറിന്റെ കൈയിലുള്ളത് തീവ്ര വർഗീയതയുടെ പന്തമാണ്. കമ്യൂണിസ്റ്റുകാർ മുസ്‍ലിംക​ളെ വേട്ടയാടുകയാണെന്ന് എന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം പറയുന്നു. ഈ ആക്ഷേപം തീവ്ര വർഗീയ ശക്തികളെയാണ് സഹായിക്കുക.

അൻവറിന്റെ അവസരവാദ നിലപാടുകൾ നാടിനെ എവിടെ എത്തിക്കും എന്നുള്ളത് അദ്ദേഹം ആലോചിക്കുന്നത് നല്ലതാണ്. സ്വതന്ത്ര എംഎൽഎ ആയതുകൊണ്ട് തന്നെ സ്ഥാനം രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടുന്നില്ല. കേരളത്തിലെ ന്യൂനപക്ഷത്തിന് വിശ്വസിക്കാൻ കഴിയുന്ന പ്രസ്ഥാനം സിപിഎം തന്നെയാണ്. ന്യൂനപക്ഷ സുരക്ഷ ഓരോ കമ്യൂണിസ്റ്റുകാരന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. കെ.ടി ജലീൽ എംഎൽഎ മാറിനിൽക്കുന്നത് പുതിയ ആളുകൾ വരാൻ വേണ്ടിയാണ്. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം സിപിഎമ്മിനെ തള്ളിപ്പറയും എന്ന് കരുതുന്നില്ല. അൻവറിന്റെ പാതയിലേക്ക് ജലീൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇ.എൻ മോഹൻദാസ് പറഞ്ഞു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News