ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് പ്രതിപക്ഷം
കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും പ്രതിപക്ഷം
തിരുവനന്തപുരം: ഇ.പി ജയരാജൻ- പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് പ്രതിപക്ഷത്തിന്റെ കടന്നാക്രമണം.. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത് എപ്പോഴാണെന്നും എവിടെവെച്ചാണെന്നും വ്യക്തമാക്കണമെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.ബിജെപി പ്രഭാരിയെ കാണേണ്ട സാഹചര്യം ഇലക്ഷൻ ഡീൽ ആണോ, അതലെങ്കിൽ പൊളിറ്റിക്കൽ ഡീൽ ആണോയെന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശനും ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ കേസുകളിൽ അടക്കം അന്തർധാര ശക്തമെന്ന് കെ.സുധാകരനും ആരോപിച്ചു.
വി ഡി സതീശൻ
"പ്രകാശ് ജാവഡേക്കറെ ഇപി കണ്ടത് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കണ്ടാൽ എന്താ കുഴപ്പം എന്നാ ചോദിച്ചേ. കണ്ടാൽ ഒരു പ്രശ്‌നവുമില്ല, ഞാനും എത്രയോ വട്ടം കണ്ടത് എന്നാണ് സമീപനം. എൽഡിഎഫ് കൺവീനറും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇപി ജയരാജൻ എന്തിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരിയെ കാണേണ്ട ആവശ്യം? ബിസിനസ് ഡീലാണോ പൊളിറ്റിക്കൽ ഡീലാണോ? അതോ അവർ തമ്മിൽ അതിർത്തി തർക്കം വല്ലതുമുണ്ടോ? എന്ത് ഡീലിന്റെ പുറത്തായിരുന്നു കൂടിക്കാഴ്ച?"
കെ.സുധാകരൻ
"ജാവഡേക്കറെ പോലുള്ള ഒരു ബിജെപി നേതാവും മുഖ്യമന്ത്രിയും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ മാധ്യമങ്ങൾ അറിയില്ലേ. അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ എങ്കിലും അറിയണ്ടേ... എന്തുകൊണ്ട് അറിഞ്ഞില്ല? ഇത്രയും രഹസ്യമായിട്ടാണ് ആ പരിപാടി നടത്തിയതെങ്കിൽ അതിന്റെ അജണ്ട എന്താണ്? ഇതൊക്കെ ഒരു അന്തർധാരയാണ്. സ്വന്തം കുടുംബത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ബിജെപിയുടെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ടാണ് ഈ പരിപാടിക്കൊക്കെ നിൽക്കുന്നത്"
കെസി വേണുഗോപാൽ
"ബിജെപിയുമായി ഒരു അവിഹിത ബന്ധത്തിന് സിപിഎം കളമൊരുക്കുകയായിരുന്നു എന്നതാണ് സത്യം. അത് വെളിച്ചത്ത് വന്നപ്പോൾ ഇപ്പോൾ ജയരാജൻ പ്രതിയായി. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു താനും ഇടയ്ക്കിടെ ജാവഡേക്കറെ കാണാറുണ്ടെന്ന്. അതിലൊരു തെറ്റുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്"
ഇപി-ജാവഡേക്കർ കൂടിക്കാഴ്ചയിൽ ഇപി അല്ല പ്രതിപക്ഷത്തിന്റെ കരു എന്നതാണ് എടുത്തു പറയേണ്ട വസ്തുത. വിഷയത്തിൽ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ ലക്ഷ്യം വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ആയിരുന്നു. താനും ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ പരാമർശം ആണ് പ്രതിപക്ഷത്തിന്റെ തുറുപ്പു ചീട്ട്. മുഖ്യമന്തി എന്തിന് ജാവഡേക്കറെ കണ്ടു എന്നതിന് വിശദീകരണം വേണമെന്നാണ് പ്രതിപക്ഷനേതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്ക് വേണ്ടി ഇപി ബലിയാടായെന്നും കള്ളി വെളിച്ചത്തായപ്പോൾ ഇപിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിഷയത്തിൽ ഇപിക്കെതിരെ നടപിടിയുണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
ലീഗ് നേതാക്കൾ കുറേക്കൂടി കടന്ന് ആരോപണം കടുപ്പിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്തും തൃശൂരിലും ഡീലിന്റെ ഭാഗമായി ബിജെപി-സിപിഎം ധാരണയുണ്ടായി എന്നാണ് ലീഗിന്റെ ആരോപണം.
വിഷയത്തിൽ ഇപിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇപി സ്വയം കൺവീനർ സ്ഥാനമൊഴിയുകയോ അതല്ലെങ്കിൽ സിപിഎം രാജി ആവശ്യപ്പെടുകയോ ചെയ്‌തേക്കാമെന്നാണ് എൽഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇപിയെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതും വിവാദമുണ്ടായി ഇതു വരെ ഒരു സിപിഎം നേതാവ് പോലും ഇപിയെ ന്യായീകരിച്ച് രംഗത്ത് വരാത്തതുമെല്ലാം ശ്രദ്ധേയമാവുകയാണ്.
തിങ്കളാഴ്ച നടക്കുന്ന പാർട്ടി നേതൃയോഗത്തിന് മുന്നേ തന്നെ ഒരു പക്ഷേ ഇപി എൽഡിഎഫ് കൺവീനർ സ്ഥാനമൊഴിഞ്ഞേക്കാം എന്നാണ് വിവരം.