വിട്ടുനിന്ന് പിണക്കം തുടർന്ന് ഇ.പി; പാർട്ടി ക്ഷണിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കുന്നില്ല
ഇ.പി ജയരാജൻ വിട്ടുനിന്ന പാർട്ടി പരിപാടിയിൽ പരോക്ഷ വിമർശനവുമായി പി.ബി അംഗം എം. വിജയരാഘവൻ രംഗത്തെത്തി.
കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളിൽ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവിൽ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽനിന്നാണ് ഇ.പി ജയരാജൻ വിട്ടുനിന്നത്.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ഇ.പി ജയരാജൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഇ.പി ജയരാജൻ ചികിത്സയിലാണെന്നും രാവിലെ വീട്ടിൽ പോയാൽ കാണാമെന്നും എം.വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിട്ടുനിൽക്കുന്നത് അതൃപ്തി മൂലമല്ലെന്നും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഇ.പി പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം, ഇ.പി ജയരാജൻ വിട്ടുനിന്ന പാർട്ടി പരിപാടിയിൽ പരോക്ഷ വിമർശനവുമായി പി.ബി അംഗം എം. വിജയരാഘവൻ രംഗത്തെത്തി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ആയാലും ചിലയാളുകൾക്ക് തെറ്റായ ധാരണകൾ ഉണ്ടാവുമെന്ന് അദ്ദേഹം പ്രതികരിച്ചു. 'ഞാൻ പാർട്ടിക്കുവേണ്ടി കുറെ ചെയ്തു, എനിക്ക് ഈ പാർട്ടി തിരിച്ചൊന്നും ചെയ്തില്ല' എന്ന് ചിന്തിക്കുന്നവരാണെന്ന് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടാത്തപ്പോഴും പിബി അംഗത്വം നിഷേധിക്കപ്പെട്ടപ്പോഴും ഇതേ നിലപാടായിരുന്നു ഇ.പി ജയരാജൻ സ്വീകരിച്ചത്. അന്നൊക്കെ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്തത്. നിലവിൽ, സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേർന്നാണ് ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
അതിനുശേഷം ഇതുവരെ പാർട്ടി പരിപാടികൾ അദ്ദേഹം പങ്കെടുക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇന്ന് കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിനും അദ്ദേഹം എത്താതിരുന്നത്. ഇ.പിയെ പരിപാടിയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇ.പിയുടെ കസേര തെറിപ്പിച്ചത്. ഈ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായെന്ന വിലയിരുത്തലുണ്ടായിരുന്നു. വോട്ടെടുപ്പ് ദിവസമായിരുന്നു കൂടിക്കാഴ്ച സംബന്ധിച്ച് ഇ.പി തുറന്നുപറഞ്ഞത്. ഇത് പാർട്ടിയെ വെട്ടിലാക്കുകയും മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിന് അപ്പുറം നടപടി വേണം എന്ന ആവശ്യം ശക്തമാവുകയും ചെയ്തിരുന്നു.
ജയരാജനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. നിലപാടിൽ പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ദല്ലാൾ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച.