ഇടത് മുന്നണിയിലേക്കുള്ള ഇ.പി ജയരാജന്റെ ക്ഷണം കുരുക്കെന്ന് മുസ്‌ലിം ലീഗ് വിലയിരുത്തൽ
തുടർച്ചയായി അധികാരത്തിൽ നിന്ന് മാറി നിൽക്കുന്ന ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീതി കോൺഗ്രസിന് നൽകുകയാണ് ഇപി ജയരാജന്റെ പ്രധാന ലക്ഷ്യമെന്ന് ലീഗ് നേതാക്കൾ വിലയിരുത്തുന്നു
ഇടത് മുന്നണിയിലേക്കുള്ള എൽഡിഎഫ് കൺവീനർ ഇപി ജയരാജൻറെ ക്ഷണം കുരുക്കാണെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്. ഒരേ സമയം യുഡിഎഫിനകത്തും പാർട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാക്കുയാണ് ലക്ഷ്യമെന്ന് ലീഗ് നേത്യത്വം കരുതുന്നു. യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന തീരുമാനം ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ലീഗ് നേത്യത്വത്തിന്റെ നീക്കം.
പികെ കുഞ്ഞാലിക്കുട്ടി-കെ.ടി ജലീൽ രഹസ്യ ചർച്ചയുണ്ടായെന്നും കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നിങ്ങനെയുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. മതേതരവാദികൾ ഒരേ ദിശയിലേക്ക് വരുമെന്ന് കുറിച്ച് ലീഗ് നേതാക്കൾക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്ത് കെടി ജലീൽ ഫെയ്‌സ്ബുക്കിലെഴുതിയ വരികൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ലീഗ് ഇടത്പക്ഷത്തിലേക്കെന്ന ചർച്ചകൾക്ക് തുടക്കമിട്ടത് ഇത്തരം പ്രസ്താവനകളാണ്. ഒരു സംശയത്തിനും ഇട നൽകാതെ അത്തരമൊരു ചിന്തയില്ലെന്ന നിലപാട് മുസ്ലീംലീഗ് നേത്യത്വം പ്രഖ്യാപിച്ചതോടെ മുന്നണി മാറ്റ ചർച്ചകൾക്ക് താത്ക്കാലിക വിരാമമായിരുന്നു. ഇതിനിടയിലാണ് എൽഡിഎഫ് കൺവീനറായി ചുമതലയേറ്റയുടൻ ഇപി ജയരാജൻ ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിക്കുന്നത്.
തുടർച്ചയായി അധികാരത്തിൽ നിന്ന് മാറി നിൽക്കുന്ന ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീതി കോൺഗ്രസിന് നൽകുകയാണ് ഇപി ജയരാജന്റെ പ്രധാന ലക്ഷ്യമെന്ന് ലീഗ് നേതാക്കൾ വിലയിരുത്തുന്നു. പരമ്പരാഗതമായി സിപിഎം വിരുദ്ധ ചേരിയിൽ നിൽക്കുന്ന ലീഗ് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇപി ജയരാജന്റെ ക്ഷണം കാരണമായതായി നേത്യത്വം കരുതുന്നു. അതുകൊണ്ടാണ് ഇപി ജയരാജന് അതിരൂക്ഷമായി എംകെ മുനീറും,പിഎംഎ സലാമും,കെപിഎ മജീദും മറുപടി നൽകിയത്. റമദാന് ശേഷം വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ സമര രംഗത്ത് ഇറങ്ങി ചർച്ചകൾക്ക് വിരാമമിടുകയാണ് ലീഗിന്റെ ലക്ഷ്യം.