ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് എല്‍ഡിഎഫ്, തിരിച്ച് അധികാരത്തില്‍ എത്തുമെന്ന് യുഡിഎഫ്

യുഡിഎഫിനെതിരെ കൊണ്ടുവന്ന അവിശ്വാസം എസ് ഡി പി ഐയുടെ പിന്തുണയോടെ വിജയിച്ചത് എല്‍ഡിഎഫിനു വലിയ രീതിയില്‍ ക്ഷീണം ചെയ്തിരുന്നു

Update: 2021-10-10 01:21 GMT
Editor : Nisri MK | By : Web Desk
Advertising

ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ എല്‍ഡിഎഫ് തീരുമാനം. എസ് ഡി പി ഐ വോട്ടുകൾ ഇടത് സ്ഥാനാർത്ഥിക്ക് ലഭിച്ചാൽ വീണ്ടും വിവാദമുണ്ടാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്നും അധികാരത്തില്‍ വീണ്ടും എത്തുമെന്നും യുഡിഎഫ് വ്യക്തമാക്കി. എന്നാല്‍ എസ് ഡി പി ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

യുഡിഎഫിനെതിരെ കൊണ്ടുവന്ന അവിശ്വാസം എസ് ഡി പി ഐയുടെ പിന്തുണയോടെ വിജയിച്ചത് എല്‍ഡിഎഫിന് വലിയ രീതിയില്‍ ക്ഷീണം ചെയ്തിരുന്നു. ഭരണത്തിലും പിന്തുണ ലഭിച്ചാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരിക്കേണ്ട എന്ന തീരുമാനം എല്‍ഡിഎഫ് കൈക്കൊണ്ടത്. ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാന്‍ സാധിക്കാത്തതിനാല്‍ മത്സരിക്കില്ലെന്നാണ് വിശദീകരണം.

എന്നാല്‍ അധികാരത്തില്‍ എത്താന്‍ ആരുടേയും പിന്തുണ തേടില്ലെന്നാണ് യുഡിഎഫും പറയുന്നത്. മത്സരിക്കാന്‍ ഇല്ലെങ്കില്‍ അവിശ്വാസം എന്തിനു കൊണ്ടുവന്നുവെന്ന് എല്‍ഡിഎഫ് ജനങ്ങളോട് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

28 അംഗ നഗരസഭയിൽ 14 യുഡിഎഫ് അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഒരാൾ അവിശ്വാസ പ്രമേയ ചർച്ചയിൽ മറുകണ്ടം ചാടിയിരുന്നു. എൽഡിഎഫ് 9, എസ്ഡിപിഐ 5 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിൽ ക്വാറം തികയാതെ വരുമ്പോൾ യുഡിഎഫിനു  അധികാരത്തിൽ തിരിച്ചെത്താം.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News