'ഞങ്ങൾ മിണ്ടാതിരിക്കില്ല'; ഐക്യദാർഢ്യവുമായി ഇ.ടി മുഹമ്മദ് ബഷീർ
"ബജറ്റ് സമ്മേളനത്തിന്റെ ഏതു ഘട്ടത്തിലും ഞങ്ങൾ ശക്തമായി ഇടപെടും. പരിഹാരത്തിനായി യത്‌നിക്കും"
മീഡിയവൺ ചാനലിന് എതിരായ കേന്ദ്രസർക്കാർ നീക്കത്തിൽ പാർലമെന്റിൽ ഇടപെടൽ നടത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാർക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വലിയ വിപത്താണ് മുമ്പിൽ കാണേണ്ടതെന്നും ബഷീർ കൂട്ടിച്ചേർത്തു.
'ഇതൊരു വാർത്താ സമ്മേളനം എന്നതിലുപരിയായി, മീഡിയവണിന് എതിരായ നീക്കത്തിൽ കേരളത്തിലെ എംപിമാരുടെ ഐക്യദാർഢ്യമാണ്. ഒരു മാധ്യമത്തിന്റെയോ മീഡിയവണിന്‍റെയോ മാത്രം പ്രശ്‌നമല്ലിത്. ഇത് വലിയൊരു സൂചനയാണ്. ഇന്ത്യയിൽ ഇന്ന് നടക്കുന്ന കാര്യങ്ങളുടെ പരിച്ഛേദമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒരു വിപത്തിനെയാണ് നാം മുമ്പിൽ കാണേണ്ടത്.'- ബഷീർ പറഞ്ഞു.
സ്വാഭാവിക നീതി പോലും മീഡിയവണിന് നഷ്ടപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ജനാധിപത്യത്തിന്റെ നാലാം തൂണിനു നേരെയുള്ള വെല്ലുവിളിയാണ്. കൊലക്കുറ്റത്തിന് വിധിക്കപ്പെട്ടവരെ പോലും, അവർക്ക് കേൾക്കാനുള്ളത് കേൾക്കും. അത് അംഗീകൃതമായ നിയമതത്വമാണ്. അതു പോലും ലംഘിക്കപ്പെട്ടു. വലിയ അപകടം വരാൻ പോകുന്നു എന്നതിലുള്ള എതിർപ്പാണ് നമ്മൾ കാണിക്കേണ്ടത്. ഇതിൽ കേരളത്തിലെ എംപിമാർ ഒരു മാതൃക കാണിക്കുകയാണ്. ഈ വിവരം കിട്ടിയതിന് പിന്നാലെ വാർത്താ വിതരണ വകുപ്പ് മന്ത്രിയെ കണ്ടു. ആഭ്യന്തര വകുപ്പിനെ ഞങ്ങൾ നാളെ കാണും. കാര്യങ്ങൾ സംസാരിക്കും. ഞങ്ങൾ മിണ്ടാതിരിക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ ഏതു ഘട്ടത്തിലും ഞങ്ങൾ ശക്തമായി ഇടപെടും. പരിഹാരത്തിനായി യത്‌നിക്കും.'- അദ്ദേഹം വ്യക്തമാക്കി.
കക്ഷി ഭേദമെന്യേ കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.