പ്രവാസി ഡിവിഡൻറ് സ്കീം വീണ്ടും; രജിസ്ട്രേഷന് മികച്ച പ്രതികരണം

പ്രവാസികൾക്ക് മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ സ്കീമിൽ നിക്ഷേപിക്കാം. മൂന്ന് വർഷത്തിന് ശേഷം നിക്ഷേപതുകയുടെ പത്ത് ശതമാനം വീതം ഡിവിഡൻറായി ലഭിക്കും.

Update: 2021-05-23 05:08 GMT
Advertising

കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ഡിവിഡൻറ് സ്കീമിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന സ്കീമിന്റെ രജിസ്ട്രേഷന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോർഡിലൂടെ സ്വീകരിച്ച ശേഷം കിഫ്ബി വഴി നാടിന്റെ വികസനത്തിന് ചെലവഴിക്കും.

നിക്ഷേപകന് മൂന്ന് വർഷത്തിന് ശേഷം പ്രതിമാസം ഡിവിഡൻറ് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. 2019ൽ തുടങ്ങിയ സ്കീമിന് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ ആദ്യം നടപ്പാക്കിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡിവിഡൻസ് സ്കീം വീണ്ടും തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പ്രവാസികൾക്ക് മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ സ്കീമിൽ നിക്ഷേപിക്കാം. മൂന്ന് വർഷത്തിന് ശേഷം നിക്ഷേപതുകയുടെ പത്ത് ശതമാനം വീതം ഡിവിഡൻറായി ലഭിക്കും. ആദ്യ മൂന്ന് വർഷങ്ങളിലെ പത്ത് ശതമാനം ഡിവിഡൻറ് നിക്ഷേപ തുകക്കൊപ്പം ചേർത്ത് ആ തുകയുടെ പത്ത് ശതമാനം നിരക്കിലുള്ള ഡിവിഡൻറാണ് നാലാം വർഷം മുതൽ പ്രതിമാസം ലഭിക്കുക. പത്ത് ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് നാലാം വർഷം മുതൽ പ്രതിമാസം ഏകദേശം 10000 രൂപയുടെ മുകളിൽ ലഭിക്കും. നിക്ഷേപകരുടെ കാലശേഷം ജീവിത പങ്കാളിക്ക് ഈ തുക ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപ തുക നോമിനിക്ക് കൈമാറും.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയർക്ക് നിക്ഷേപിക്കാം. രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ വിദേശത്ത് ജോലി ചെയ്ത് കേരളത്തിൽ സ്ഥിരതമാസമാക്കിയവർക്കും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ആറ് മാസത്തിലധികമായി ജോലി സംബന്ധമായി താമസിക്കുന്നവർക്കും ചേരാം. pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓൺലൈൻ വഴി പണമടക്കാനും സൗകര്യമുണ്ട്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Contributor - Web Desk

contributor

Similar News