''അവർക്ക് ഉള്ളതും നമ്മുടെ പൊലീസിന് ഇല്ലാതെ പോയതും സഹാനുഭൂതിയും കരുണയുമാണ്'': മാസ്ക് ധരിക്കാത്തതിന് ബഹ്റൈന്‍ പൊലീസ് ചെയ്തത്, പ്രവാസിയുടെ അനുഭവം

''ഫോണിൽ എന്‍റെ പ്രിയപ്പെട്ട ഉമ്മയുടെ മുഖം കണ്ടതും കാര്യം മനസ്സിലാക്കിയ പൊലീസുകാരൻ ഐഡി കാർഡ് തിരിച്ച് തന്നിട്ട് ഫോണിൽ നോക്കി അറബിയിൽ "സമ്ഹ മാമാ..." (sorry ഉമ്മാ..) എന്നു പറഞ്ഞു''

Update: 2021-08-13 06:59 GMT
Editor : ijas
Advertising

ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമങ്ങളുടെയും പെറ്റി കേസുകളുടെയും പശ്ചാത്തലത്തില്‍ ബഹ്‍റൈന്‍ പൊലീസില്‍ നിന്നും ലഭിച്ച കരുണാര്‍ദ്രമായ അനുഭവം പങ്കുവെച്ച് പ്രവാസി. വീട്ടിലേക്ക് പതിവുപോലെ ഫോണില്‍ വിളിക്കവെ മുഖം വ്യക്തമായി  കാണാന്‍ സാധിക്കാത്തത് കാരണം  മാസ്ക് ഒഴിവാക്കാന്‍ ഉമ്മ ആവശ്യപ്പെട്ടതായും ഇതേ സമയം സമീപത്തെത്തിയ ബഹ്റൈന്‍ പൊലീസ് സദുദ്ദേശം തിരിച്ചറിഞ്ഞ് പിഴ ഒന്നും ചുമത്തിയില്ലെന്നും മുഹമ്മദ് ഇൽയാസ്‌  എന്ന പ്രവാസി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. കേരള പൊലീസും ബഹ്റൈൻ പൊലീസും തമ്മിലുള്ള വ്യത്യാസം എന്ന തലക്കെട്ടൊടെയാണ് ഇൽയാസ്‌ കുറിപ്പ് എഴുതിയിരിക്കുന്നത്. 

ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഗൾഫിലെ പൊലീസ് കേരളത്തിലേതിനേക്കാൾ കൂടുതൽ കാര്യക്ഷമാവുകയാണ്. അവർക്ക് ഉള്ളതും നമുക്ക് ഇല്ലാതെ പോയതുമായ  സഹാനുഭൂതിയും മാന്യതയും കരുണയുമാണെന്നും ഇൽയാസ്‌ പറഞ്ഞു. 

മുഹമ്മദ് ഇൽയാസ്‌ ഫേസ്ബുക്കില്‍ എഴുതിയത്:

കേരള പൊലീസും ബഹ്റൈൻ പൊലീസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ ദിവസം

പതിവുപോലെ ഡ്യൂട്ടിക്കായി റൂമിൽ നിന്നും ഭാര്യയോട് സലാം പറഞ്ഞ് ഷോപ്പിലേക്ക് പോകുന്ന വഴിയാണ് വീട്ടിലേക്ക് ഫോൺ ചെയ്യുന്നത്. ദിവസവും ഏതെങ്കിലും നേരം ഉമ്മാനേയോ ഉപ്പാനേയോ വിളിക്കുന്ന ശീലം പതിവാണ്. അധിക ദിവസവും ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ നിന്നാണ് വിളിക്കാറ്.

ഇന്നൊരു ദിവസം ഉപ്പാന്‍റെ ഫോണിൽ വീഡിയോ കോൾ വിളിച്ചാലോ എന്ന് കരുതി വീഡിയോ കോൾ വിളിച്ചു. വണ്ടി എന്‍റെ സുഹൃത്ത് കൊണ്ടു പോയതിനാൽ നടന്നാണ് പോവുന്നത്. വീഡിയോ കോൾ ആയതിനാൽ ഉമ്മയും ഫോൺ എടുത്തു. ഉമ്മ എടുത്ത ഉടനെ ചോദിച്ചത് മോന്‍റെ മുഖം കാണുന്നില്ലാലോ എന്നാണ്. ഞാൻ കരുതി ഫോൺ ക്ലിയർ കുറവായത് കൊണ്ടാവാം എന്നാണ്. ഞാൻ കട്ട് ചെയ്ത് ഒന്നു കൂടി വിളിക്കാം എന്ന് ഉമ്മാനോട് പറഞ്ഞപ്പോഴാണ് ഉമ്മ മാസ്ക് താഴ്ത്താൻ ആവശ്യപ്പെട്ടത്.

കേട്ട പാതി ഞാൻ ഒന്നും നോക്കാതെ മാസ്ക് ഊരി പോക്കറ്റിൽ വെച്ചു. ഉമ്മ സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞാൻ വേറൊന്നും ചിന്തിച്ചില്ല.

അങ്ങനെ വീട് പണിയെ കുറിച്ചൊക്കെ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഒരു പൊലീസ് വണ്ടി എന്‍റെ അടുത്ത് നിർത്തുന്നത്. ഉടനെ ഞാൻ അറിയാതെ പറഞ്ഞ് പോയി "അള്ളാഹ്...! പടച്ചോനെ പെട്ടല്ലോ.." കേട്ട ഉടനെ ഉമ്മ ബേജാറായി എന്താ മോനേ പറ്റിയത് എന്ന് ചോദിച്ചു. ഒന്നുമില്ല ഉമ്മ എന്ന് മറുപടിയും പറഞ്ഞ് ഞാൻ പൊലീസ് വണ്ടിക്ക് അടുത്ത് ചെന്നു.

പൊലീസ് ഐഡന്‍റിന്‍റി കാർഡിന് ആവശ്യപ്പെട്ടു. നിയമപാലകർ ചോദിച്ചാൽ അത് കൊടുക്കണമെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഉടനെ പേഴ്സിൽ നിന്നും എടുത്ത് അവർക്ക് കൊടുത്തു.

അവർ മാസ്ക് ഇടാത്തതിന്‍റെ പേരിൽ ഫൈൻ ഇടുകയാണ് എന്ന് എന്നോട് പറഞ്ഞു. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അപ്പോഴാണ് കട്ടാകാതിരുന്ന ഫോണിൽ നിന്നും "മോനേ ..... എന്താ പ്രശ്നം" എന്ന് ഉമ്മ ചോദിക്കുന്നത്.

പൊലീസ് വന്ന ബേജാറിൽ ഉമ്മാന്‍റെ ഫോണൊക്കെ ഞാൻ മറന്ന് പോയിരുന്നു. ഉടനെ ഞാൻ മാസ്ക് ഇട്ടു ഫോണിൽ "പിന്നെ വിളിക്കാം ഉമ്മാ'' എന്ന് പറഞ്ഞ് കട്ടാക്കാൻ തുനിഞ്ഞപ്പോൾ ഉമ്മ ഫോൺ വെക്കുന്നില്ല. "എന്താണ് കാര്യം എന്ന് പറ മോനേ" എന്ന ഉമ്മയുടെ ചോദ്യത്തിനൊപ്പമായിരുന്നു പൊലീസുകാരന്‍റെയും ചോദ്യം, "ആരാണ് ഫോണിൽ...?" തൽക്കാലം ഫോൺ കട്ടാക്കാനും ആവശ്യപ്പെട്ടു.

ധൈര്യം സംഭരിച്ചു കൊണ്ട് പൊലീസുകാരനോട് ഞാൻ പറഞ്ഞു, സാർ ഞാൻ എന്‍റെ  ഉമ്മാനെ വിളിക്കുകയായിരുന്നു. ഉമ്മ ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ മാസ്ക് അഴിച്ചത്. പൊലീസുകാരൻ ഉടനെ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു.

ഫോണിൽ എന്‍റെ  പ്രിയപ്പെട്ട ഉമ്മയുടെ മുഖം കണ്ടതും കാര്യം മനസ്സിലാക്കിയ പൊലീസുകാരൻ ഐഡി കാർഡ് തിരിച്ച് തന്നിട്ട് ഫോണിൽ നോക്കി അറബിയിൽ "സമ്ഹ മാമാ..." (sorry ഉമ്മാ..) എന്നു പറഞ്ഞു. പുഞ്ചിരിയോട് കൂടി സലാം കൂടി പറഞ്ഞാണ് അവർ പോയത്.

ഇപ്പുറത്ത് ബേജാറോടെ നിറകണ്ണുകളോടെ ഒരു പിടിയും കിട്ടാതെ ഉമ്മ ഉണ്ടായിരുന്നു. ഉമ്മാനോട് കാര്യം പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് ഉമ്മാക്ക് ആശ്വാസമായത്.

പറഞ്ഞു വന്നത് നിയമം നടപ്പിലാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണ്. കേരളത്തിലായാലും അറബ് രാജ്യങ്ങളിലായാലും. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഗൾഫിലെ പൊലീസ് കേരളത്തിലേതിനെക്കാൾ കൂടുതൽ കാര്യക്ഷമാവുകയാണ്. പക്ഷെ അവർക്ക് ഉള്ളതും നമുക്ക് ഇല്ലാതെ പോയതുമായ ഒന്നാണ് സഹാനുഭൂതിയും മാന്യതയും കരുണയും.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News