‘നടൻമാർ വാതിലുകളിൽ വന്ന് മുട്ടുന്നു’; പുറത്തുവന്നത് സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ
അതിക്രമം കാണിക്കുന്നവരിൽ വലിയ താരങ്ങൾ വരെയുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിവാകുന്നത് സിനിമാ മേഖലയിൽ നടിമാർ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ്.
നടിമാരെ വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയാണ്. സ്ത്രീകൾക്ക് പ്രാഥമികൾ സൗകര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. വസ്ത്രം മാറുന്നത് കുറ്റിച്ചെടികളുടെയും മരത്തിന്റെയും മറവിലാണ്.
സിനിമയിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് ചിലർ കരുതുന്നത്. അതിനാൽ തന്നെ നടിമാർ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നാണ് ഇവരുടെ ധാരണ.
സിനിമയിലേക്ക് കടന്നുവരുന്ന സമയം മുതൽ ലൈംഗിക ചൂഷണങ്ങൾക്ക് സ്ത്രീകൾ വിധേയരാകുന്നുണ്ട്. ഇതിനെതിരെ പരാതി പറയുന്നവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്.
കലയോടുള്ള താൽപര്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്ന് അംഗീകരിക്കാൻ പോലും പുരുഷൻമാർക്ക് കഴിയുന്നില്ല. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. നടൻമാർ വാതിലുകളിൽ വന്ന് മുട്ടുകയാണ്. പലരും കൂടെ ഉറങ്ങാൻ നിർബന്ധിതരാവുന്നു.
ആലിംഗനത്തിന്റെ ചിത്രീകരണം 14 തവണ വരെ റീടേക്ക് എടുക്കുന്ന അവസ്ഥയുമുണ്ട്. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. അതിക്രമം കാണിക്കുന്നവരിൽ വലിയ താരങ്ങൾ വരെയുണ്ടെന്ന റിപ്പോർട്ടിലെ പരാമർശവും ഏറെ ഞെട്ടിപ്പിക്കുന്നതാണ്.