കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം; ഒരു മരണം
30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 30ൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരിയിലെ സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഏകദേശം 2000ൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. രണ്ടോ മൂന്നോ തുടർസ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഓഡിറ്റോറിയത്തിലെ മുഴുവൻ ആളുകളെയും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ഹാളിന്റെ മധ്യഭാഗത്താണ് പ്രധാന സ്‌ഫോടനമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്‌ഫോടനത്തിന്റെ കാരണമെന്താണ് എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
കളമശേരിയിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി. അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശിച്ചു. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി.