''കൈകാണിച്ച വണ്ടികളൊന്നും നിർത്തിയില്ല; സീറ്റോടുകൂടി ആൾക്കാർ റോഡിലേക്ക് തെറിച്ചുവീണിരുന്നു''
'രണ്ടുമൂന്ന് കുട്ടികൾ ബസിനടയിൽ പെട്ടിരുന്നു. പിന്നീട് ക്രൈയിൻ കൊണ്ടുവന്ന് ബസ് പൊക്കിയാണ് പുറത്തെടുത്തത്'
പാലക്കാട്: അപകടം നടന്ന സമയത്ത് അതുവഴിപോയ വാഹനങ്ങളൊന്നും നിർത്തിയില്ലെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ വടക്കാഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ശിവദാസൻ.'കൈകാണിച്ച വണ്ടികളൊന്നും നിർത്തിയില്ല. ഒരു കള്ളുകൊണ്ടുപോകുന്ന പിക്കപ്പ് വാനാണ് നിർത്തിയത്. അതിൽ രണ്ടും മൂന്നും പേരെ എടുത്തുകൊണ്ടുപോയി'.ശിവദാസൻ മീഡിയവണിനോട് പറഞ്ഞു.
'കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ വരികയായിരുന്നു. ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് ഈ സൈഡിലൂടെ കയറി വന്നപ്പോഴാണ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സീറ്റോടു കൂടി ആൾക്കാർ റോഡിലേക്ക് തെറിച്ചുവീണിരുന്നു.അതിലൊരാളുടെ കൈയും കാലും അറ്റുപോയിരുന്നു. ഒരാൾ അപ്പൊ തന്നെ മരിച്ചു' അദ്ദേഹം പറഞ്ഞു.
'ബസ് ഉലഞ്ഞുപോയാണ് മറിഞ്ഞത്.ആ സമയത്ത് കുറേ കുട്ടികളൊക്കെ ബസിൽ പാട്ടൊക്കെ ഇട്ട് ഡാൻസ് ചെയ്യുകയായിരുന്നു. സീറ്റിൽ കുറച്ച് പേര് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ബസിൽ നിൽക്കുകയായിരുന്ന കുട്ടികൾ ഗ്ലാസ് വഴി പുറത്തേക്ക് വന്നിരുന്നു. റോഡിൽ മറിഞ്ഞ് നിരങ്ങിവന്നിരുന്നു. അതുകൊണ്ട് തന്നെ രണ്ടുമൂന്ന് കുട്ടികൾ ബസിനടയിൽ പെട്ടിരുന്നു. പിന്നീട് ക്രൈയിൻ കൊണ്ടുവന്ന് ബസ് പൊക്കിയാണ് അതിനടയിലുള്ളവരെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം തുടങ്ങാൻ തന്നെ അരമണിക്കൂർ എടുത്തു. അപകടം നടന്നത് കണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വടക്കഞ്ചേരിയിലാണ് കെ.എസ്.ആര്‍.ടി.സി ബസിന് പുറകിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് വിദ്യാർഥികളുൾപ്പടെ 9 പേരാണ് മരിച്ചത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.എറണാകുളം മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു അധ്യപകനും മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരും ഉൾപ്പെടുന്നു. കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.