കള്ളക്കണക്ക് കാണിച്ചാല്‍ നമ്പര്‍ വണ്‍ ആകാന്‍ സാധിക്കുകയില്ല; എന്തിനാണ് കോവിഡ് മരണം മറച്ചുവയ്ക്കുന്നതെന്ന് സുരേന്ദ്രന്‍

നമ്പർ വണ്ണിന് വേണ്ടി പി.ആർ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിന് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നിരവധി പേർക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുന്ന സ്ഥിതിയുണ്ടാകും

Update: 2021-07-03 07:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

സി.പി.എമ്മിന് കിറ്റക്സിനോട് രാഷ്ട്രീയ വിരോധമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വ്യവസായ മന്ത്രിക്ക് കിറ്റക്സിനോടുള്ള വൈരാഗ്യത്തിന് കാരണം എന്താണെന്ന് എല്ലാവർക്കും അറിയാം. എറണാകുളത്ത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പ്രാധാന്യം കുറയുമെന്ന് വ്യവസായമന്ത്രി ഭയപ്പെടുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. കിറ്റക്സിന്‍റെ പിന്‍മാറ്റത്തിന് പിന്നില്‍ സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണ്. എന്തുകൊണ്ടാണ് ഒരു വലിയ സംരംഭകനെ അടിച്ചോടിക്കുന്നത് എന്തിനാണെന്ന് പിണറായി വിജയനും സി.പി.എം നേതാക്കളും ജനങ്ങളോട് തുറന്നു പറയണം. കിറ്റക്സ് മുതലാളിയും സി.പി.എമ്മും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ....? വ്യവസായ മന്ത്രി കേരളം തകർക്കരുതെന്ന് പറയുന്നു. കേരളത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നത് സർക്കാറും മന്ത്രിമാരും തന്നെയാണ്. കേരളത്തിലേക്ക് ഒരു സംരംഭകനും വരുന്നില്ല. ലോകകേരള സഭ നടത്തി കോടികള്‍ കൊള്ളയടിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ പോലും വ്യവസായം തുടങ്ങാന്‍ ബംഗളൂരു തെരഞ്ഞെടുത്തു.

നമ്പർ വണ്ണിന് വേണ്ടി പി.ആർ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിന് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നിരവധി പേർക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുന്ന സ്ഥിതിയുണ്ടാകും. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൂന്നിലൊന്ന് കണക്ക് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. കോവിഡ് മൂലമുള്ള മരണം ഏറ്റവും കുടുതല്‍ മറച്ചുവെച്ച സംസ്ഥാനവും കേരളമാണ്. കള്ളക്കണക്ക് കാണിച്ചതുകൊണ്ടോ കോവിഡ് മരണം മറച്ചുവച്ചതുകൊണ്ടോ നിങ്ങള്‍ക്ക് നമ്പര്‍ വണ്‍ ആകാന്‍ സാധിക്കുകയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോവിഡ് മൂലം മരിച്ചവർക്കുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ പല ആനുകൂല്യങ്ങളും പിണറായി സർക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ലഭിക്കുന്നില്ല. കോവിഡ് മരണം മറച്ചുവെച്ചതിലൂടെ എന്ത് ഖ്യാതിയാണ് സർക്കാറിനുണ്ടാകുകയെന്നും സുരേന്ദ്രന്‍ ചോദിച്ചു.


Full View

 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News