എറണാകുളത്ത് റെയിൽവേ സ്റ്റേഷനിലടക്കം കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശിയും പാലക്കാട് സ്വദേശിയും പിടിയിൽ
ഷാലിമാർ എക്‌സ്പ്രസിലാണ് ഇയാൾ വന്നിറങ്ങിയത്.


കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ആറു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ആശ്പിൻ ചന്ദ്രനായിക് എന്നയാളാണ് ആർപിഎഫിന്റെയും എക്സൈസിന്റെയും പിടിയിലായത്. ഇന്ന് വൈകീട്ടാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഷാലിമാർ എക്‌സ്പ്രസിലാണ് ഇയാൾ വന്നിറങ്ങിയത്. ഒഡിഷയിൽ നിന്ന് വൻതോതിൽ രാസലഹരിയും കഞ്ചാവും ആലുവ, പെരുമ്പാവൂർ ഭാഗത്തേക്ക് ട്രെയിനിൽ എത്തുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസ് വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഇയാൾ പിടിയിലായത്.
അതിനിടെ, കൊച്ചിയിൽ ടാക്സി കാറിൽ കടത്തിയ കഞ്ചാവുമായി പാലക്കാട് സ്വദേശിയും പിടിയിലായി. 12 കിലോ കഞ്ചാവാണ് ഡാൻസാഫ് സംഘം പിടികൂടിയത്. പാലക്കാട് സ്വദേശി അനീഷിനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു. ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.