നിരാഹാര സമരമിരിക്കുന്ന ആശമാർക്ക് ഐക്യദാർഢ്യം; സമരപ്പന്തലിലേക്ക് മാർച്ചുമായി പ്രതിപക്ഷ നേതാവും എംഎൽഎമാരും
ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും വരെ ആശമാരുടെ കൂടെയുണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു.


തിരുവനന്തപുരം: നിരാഹാര സമരമിരിക്കുന്ന ആശമാർക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യമാർച്ച്. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്കാണ് ആശാ പ്രവർത്തകർക്ക് അഭിവാദ്യ- ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ വിളിച്ച് വി.ഡി സതീശനും യുഡിഎഫ് എംഎൽമാരും മാർച്ച് നടത്തിയത്. ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും വരെ ആശമാരുടെ കൂടെയുണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു.
അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച ആശാ വർക്കർമാരെ പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് മന്ത്രിമാരടക്കമുള്ളവർ നോക്കിക്കാണുന്നത്. തങ്ങൾ ഇന്ന് ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടേയുമൊക്കെ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ സമരത്തെ സർക്കാർ പരിഹസിക്കുകയാണ്. അതുകൊണ്ടാണ് സഭാ നടപടികൾ ബഹിഷ്‌കരിച്ച് തങ്ങൾ നിരാഹാര സമരത്തിന് ഐക്യദാർഢ്യമർപ്പിക്കാൻ ഇറങ്ങിയത്.
ഇനിയും ചർച്ചകൾ നടക്കണമെന്നും കേന്ദ്ര സർക്കാർ തരേണ്ടത് അവരും തരണമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് എംപിമാർ പാർലമെൻ്റിലും പോരാട്ടം നടത്തുകയാണ്. അവരുടെ പോരാട്ടത്തിൻ്റെ ഭാഗമാണ് ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനമെന്നും സതീശൻ വ്യക്തമാക്കി. നേരത്തെയും ആശാ പ്രവർത്തകർക്ക് പിന്തുണയർപ്പിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സമരപ്പന്തലിൽ എത്തിയിരുന്നു.
അതേസമയം, ജീവൻ പോയാലും തങ്ങൾ സമരത്തിൽനിന്ന് പിൻമാറില്ലെന്ന് സമരക്കാർ വ്യക്തമാക്കി. 39ാം ദിവസമാണ് നിരാഹാര സമരത്തിലേക്ക് കടന്നത്. അവകാശങ്ങൾ നേടിയെടുത്തേ മടങ്ങൂവെന്നും പ്രതിപക്ഷത്തിന്റെ ഐക്യദാർഢ്യത്തിൽ സന്തോഷമുണ്ടെന്നും ആശാ വർക്കർമാർ പ്രതികരിച്ചു. മന്ത്രി മാത്രമാണ് ഒപ്പം നിൽക്കാത്തതെന്നും മറ്റുള്ളവരെല്ലാം അനുകൂലിക്കുന്ന നിലപാടാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ ആരോഗ്യമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ആശാ വർക്കർമാർ ഇന്ന് രാവിലെ നിരാഹാര സമരം ആരംഭിച്ചത്.