റാന്നിയില്‍ എസ്.സി,എസ്.ടി കുടുംബങ്ങള്‍ക്ക് നേരെ ജാതിവിവേചനം
പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർക്കെതിരെയാണ് പരാതി
പത്തനംതിട്ട റാന്നിയില്‍ എസ്.സി,എസ്.ടി കുടുംബങ്ങള്‍ക്കെതിരെ ജാതി വിവേചനമെന്ന് പരാതി. പഞ്ചായത്ത് കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും അനുവദിക്കുന്നില്ല. ഇഷ്ടദാനം കിട്ടിയ ഭൂമിയില്‍ വീടുവെക്കാനും ഒരു വിഭാഗം സമ്മതിച്ചില്ല. പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർക്കെതിരെയാണ് പരാതി.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയകാവിൽ എട്ട് ദലിത് കുടുംബങ്ങൾക്കാണ് മൂന്ന് സെന്‍റ് ഭൂമി വീതം ഇഷ്ടദാനമായി ലഭിക്കുന്നത്. വീട് വെക്കാൻ ഭൂമി നൽകിയത് മന്ദമാരുതി സ്വദേശിയായ വി.ടി വർഗീസാണ്. എന്നാല്‍ വീടുപണി തുടങ്ങാനിരിക്കെ പ്രശ്നങ്ങൾ തുടങ്ങി. പഞ്ചായത്ത് മെമ്പര്‍ ഷേർളി ജോർജ് അടക്കമുള്ള പരിസരവാസികൾ ജാതിയുടെ പേരിൽ ഇടഞ്ഞു. പരിസരവാസികൾ വഴിയടച്ചു. വെള്ളമെടുക്കാൻ പഞ്ചായത്ത് കിണറിന് അരികിലേക്ക് പോലും പോകാൻ കഴിയാതെയായി ഭൂമി കൈമാറിയതിന് വി.ടി വർഗീസിനെയും ഭീഷണിപ്പെടുത്തി.
റാന്നി പൊലീസിലും പത്തനംതിട്ട എസ്.പിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ആദ്യം പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും ഒടുവിൽ ജാതി വിവേചനമില്ലെന്നും ദലിത് കുടുംബങ്ങൾ വീടുവക്കുന്നതിൽ പ്രശ്നമില്ലെന്നും പഞ്ചായത്ത് മെമ്പർ പ്രതികരിച്ചു.