വീട് ജപ്തി ഭീഷണിയിൽ, കിടപ്പിലായ മകനെയും കൊണ്ട് എങ്ങോട്ട് പോകും?; ദുരിതത്തിലായി ഒരു കുടുംബം
കൊച്ചു കുട്ടിയെ പോലെ പ്രതികരിക്കുന്ന മകന്‍ അജയനെ നോക്കാൻ മുഴുവന്‍ സമയവും ഒരാള്‍ വേണം
കൊച്ചി: ജപ്തി ഭീഷണിയിലായ വീട്ടിൽ നിന്ന് കിടപ്പിലായ മകനെയും കൊണ്ട് എങ്ങോട്ട് പോകണമെന്നറിയാതെ ദുരിതത്തിലാണ് ആലുവയില്‍ ഒരു കുടുംബം. വീട് പണിക്കെടുത്ത ഒന്നര ലക്ഷം പെരുകി മൂന്ന് ലക്ഷമായതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ആലുവ നെടുവന്നൂർ തവിടപ്പിള്ളി കോളനിയിലെ ഉദയനും കുടുംബവുമാണ് 37 വർഷമായി തളർന്ന് കിടക്കുന്ന മകനെയും കൊണ്ട് എങ്ങോട്ടിറങ്ങുമെന്നറിയാത്ത ദുരവസ്ഥയിലായിരിക്കുന്നത്.
കൊച്ചു കുട്ടിയെ പോലെ പ്രതികരിക്കുന്ന മകന്‍ അജയനെ നോക്കാൻ മുഴുവന്‍ സമയവും ഒരാള്‍ വേണം. കൂലിപ്പണിക്കാരനായ ഉദയന് നാല് വർഷം മുമ്പ് പക്ഷാഘാതം വന്ന് കാലുകൾക്കും കൈകൾക്കും ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാതായി. ശയ്യാവലംബിയായ മകന് കഴിഞ്ഞ 23 വർഷമായി ലഭിച്ചിരുന്ന വികലാംഗ പെൻഷൻ സാങ്കേതികത്വത്തിൻ്റെ പേരിൽ നിലച്ചു. അജയന് ആധാർ കാർഡുമില്ല റേഷൻ കാർഡിൽ പേരുമില്ല. വീട് പണിക്കെടുത്ത ഒന്നര ലക്ഷം പെരുകി മൂന്ന് ലക്ഷമായതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു.
കട്ടിലിൽ പോലും കിടക്കാൻ കഴിയാതെ കിടക്കുന്ന പായിൽ വട്ടം തിരിയുന്ന മകന് മുന്നിൽ ഇരുന്ന് വിതുമ്പുകയാണ് ഉദയൻ. ബാങ്ക് വായ്പ അടച്ച് തീർത്ത് കിടപ്പാടമെങ്കിലും സുരക്ഷിതമാക്കാൻ സുമനസുകളോട് സഹായം തേടുകയാണ് ഈ കുടുംബം.