സൈനുദ്ദീനെ കാട്ടാന കൊന്നിട്ട് രണ്ട് വർഷം: സർക്കാർ ജോലി പ്രഖ്യാപനത്തിലൊതുങ്ങി, കുടുംബം ദുരിതത്തിൽ
തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ക്ഷേത്രത്തിനു സമീപത്താണ് സൈനുദ്ദീനെ കാട്ടാന ആക്രമിച്ചത്
തൃശൂര്‍: രണ്ട് വർഷം മുമ്പാണ് തൃശൂർ പാലിപ്പിള്ളിയിൽ ടാപ്പിങ് തൊഴിലാളിയായ സൈനുദ്ദീൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചുവെങ്കിലും കുടുംബത്തിന് ഉറപ്പ് നൽകിയ ജോലി വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടില്ല.
ആറ് അംഗങ്ങളുള്ള ഒരു കുടുംബത്തിൻ്റെ അത്താണിയായിരുന്ന സൈനുദ്ദീനെയാണ് കാടിറങ്ങിയ കാട്ടാന ചവിട്ടിയരച്ചത്. ടാപ്പിങ് തൊഴിലാളിയായ സൈനുദ്ദീൻ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരുന്ന കുടുംബത്തിലേക്ക് എത്തിയത് ചേതനയറ്റ ശരീരമാണ്. സർക്കാർ രണ്ട് ഘട്ടമായി നൽകിയ പത്ത് ലക്ഷം രൂപയുടെ ധന സഹായം കൊണ്ട് രണ്ട് പെൺമക്കളുടെ വിവാഹത്തിനടക്കം വന്ന കടം വീട്ടിയെങ്കിലും മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായി തന്നെ നിൽക്കുകയാണ്.
സർക്കാർ പ്രതിനിധികൾ ഉറപ്പ് തന്ന ജോലിയിൽ പ്രതീക്ഷ അർപ്പിച്ച് പല വാതിലുകൾ മുട്ടിയെങ്കിലും സകലരും കൈമലർത്തി. തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ക്ഷേത്രത്തിനു സമീപത്താണ് സൈനുദ്ദീനെ കാട്ടാന ആക്രമിച്ചത്.
കാടിൻ്റെ അതിർത്തി കടന്നെത്തുന്ന വന്യ ജീവികളെ നിയന്ത്രിക്കാൻ വനം വകുപ്പ് ഫലപ്രദമായി ഇടപെടാത്തതിൻ്റെ ഇരയാണ് സൈനുദ്ദീൻ. അത് കൊണ്ട് തന്നെ വനം വകുപ്പിൻ്റെ വീഴ്ച മൂലം വന്ന് ചേർന്ന ദുരന്തത്തിൻ്റെ ഇരകളായവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണം കേവലം വാഗ്ദാനങ്ങൾക്കപ്പുറത്തേക്ക് ഉറപ്പാക്കപ്പെടേണ്ടതുണ്ട്.
Watch Video Report