രാജ്യത്ത് ഫെഡറലിസം ദുർബലമാകുന്നു: മന്ത്രി പി.രാജീവ്
സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരങ്ങൾ പലതും കേന്ദ്രത്തിലേക്ക് ചുരുങ്ങിയ കാലമാണിത്
തിരുവനന്തപുരം: ഭരണഘടനയുടെ സാധുത നിലനിൽക്കെ തന്നെ രാജ്യത്ത് ഫെഡറലിസം ദുർബലമാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ആർ. മോഹൻ എഴുതിയ 'ഇന്ത്യാസ് ഫെഡറൽ സെറ്റ് അപ്പ് - എ ജേർണി ത്രൂ സെവൻ ഡെക്കേഡ്സ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നിയമസഭാ പുസ്തകോത്സവ വേദിയിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരങ്ങൾ പലതും കേന്ദ്രത്തിലേക്ക് ചുരുങ്ങിയ കാലമാണിത്. ഭരണഘടനയ്ക്ക് അതീതമായി ഒരു രാജ്യം, ഒരു ഭാഷ എന്നത് പോലുള്ള ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിൻറെ ചരിത്രപരമായ വികാസം കൂടിയാണ് ആർ മോഹന്റെ പുസ്തകം അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭരണസംവിധാനം ഫെഡറലിസം എന്നിവയിൽ താല്പര്യമുള്ളവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ആർ. മോഹൻ്റെ 'പുസ്തകമെന്ന് ചർച്ചയിൽ പങ്കെടുത്ത സി.പി ജോൺ പറഞ്ഞു. ഇന്ത്യൻ ഫെഡറലിസത്തെ എട്ട് ഘട്ടങ്ങളാക്കി ലളിതമായ ഭാഷയിൽ വിവരിച്ചിട്ടുള്ള പുസ്തകം തുടർ ഭാഗങ്ങൾക്ക് സാധ്യതയുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചയിൽ വായനക്കാരുടെ അഭിപ്രായങ്ങൾ തേടിയ രചയിതാവ് ആർ. മോഹൻ പുസ്തകത്തെ കുറിച്ചുള്ള വിമർശനങ്ങളും കുറവുകളും ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന് മറുപടി നൽകി.